Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക്‌ കൊള്ളയും; ഇടപെടല്‍ ആവശ്യമാണെന്ന് ഇന്‍കാസ്

കേന്ദ്ര ബജറ്റില്‍ ഇതിനൊക്കെ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന നിര്‍ദേശങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികള്‍ക്ക് അവിടെയും നിരാശയായിരുന്നു ഫലം.

flight ticket rates increases intervention is needed incas demand
Author
First Published Jul 27, 2024, 3:57 PM IST | Last Updated Jul 27, 2024, 3:57 PM IST

തിരുവനന്തപുരം: പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക്‌ കൊള്ളയും അവസാനിപ്പിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഇന്‍കാസ് ) ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള. ഒരുവശത്ത് വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും മറ്റൊരു വശത്താകട്ടെ താങ്ങാന്‍ കഴിയുന്നതിനും അപ്പുറമുള്ള നിരക്ക് വര്‍ധനയുമാണ്. ഇതോടെ പ്രവാസികള്‍ നാട്ടിലേക്കെത്താന്‍ പ്രയാസപ്പെടുന്നത് കുറച്ചൊന്നുമല്ല. അടിയന്തര ഘട്ടത്തില്‍പോലും നാട്ടിലേക്കെത്താന്‍ കഴിയാതെ തീരാദുരിതത്തിലായ പ്രവാസികളെ ഭരണസംവിധാനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. 

വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസികള്‍ക്ക് യാത്രാ ദുരിതം കൂടിയേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. കേന്ദ്ര ബജറ്റില്‍ ഇതിനൊക്കെ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന നിര്‍ദേശങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികള്‍ക്ക് അവിടെയും നിരാശയായിരുന്നു ഫലം. ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ ഈ പ്രശ്നത്തെ കൃത്യമായി ലോക്സഭയില്‍ ഉന്നയിച്ച കേരളത്തില്‍ നിന്നുള്ള  കോണ്‍ഗ്രസ് എം പിമാരുടെ ഇടപെടല്‍  പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

കെ സി വേണുഗോപാല്‍, കെ സുധാകരന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ എംപിമാര്‍ ഈ വിഷയത്തെ കൃത്യമായി പഠിച്ച് അവതരിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പലപ്പോഴും ഇവരുമായി ചര്‍ച്ച നടത്തിയിട്ടുള്ളതുമാണ്. അടിയന്തര ഇടപെടല്‍ നടത്തേണ്ട പ്രശ്നമായി ഈ വിഷയത്തെ സഭയില്‍ അവതരിപ്പിക്കാനും അതിന് കൂടുതല്‍ ശ്രദ്ധ നല്‍കാനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞതും അത് ആശ്വാവഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 പ്രവാസ ലോകത്തെ അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികള്‍ ഈടാക്കുന്നത് തോന്നിയ ടിക്കറ്റ് നിരക്കുകളാണ്. അവധിക്കാലത്ത് നാട്ടിലേക്കെത്താന്‍ കഴിയാതെ ദുരിതത്തിലായ പ്രവാസികളുടെ എണ്ണവും ഇതോടെ കൂടി വരികയാണ്. പ്രവാസികളുടെ യാത്രാദുരിതം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ ഒരു നടപടി ഉണ്ടായില്ല.  ശക്തമായ പ്രതിഷേധത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണുതുറപ്പിക്കുക എന്നതുമാത്രമാണ് അവസാന വഴി. നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. ഒഐസിസി - ഇന്‍കാസ് പ്രവര്‍ത്തകരുടെ എല്ലാ പിന്തുണയും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരിക്കുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ യാത്രനിരക്ക് വര്‍ധിച്ചപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്തില്‍ ലഭിച്ചിരുന്ന മറ്റുസൗകര്യങ്ങള്‍ ഒഴിവാക്കി ടിക്കറ്റ് നിരക്ക് കുറച്ച് ബജറ്റ് എയര്‍വൈസ് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ അന്ന് ഒഴിവാക്കിയ സൗകര്യങ്ങള്‍ പുനസ്ഥാപിക്കാതെ തന്നെയാണ് ഇന്ന് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. സൗകര്യങ്ങള്‍ ഒഴിവാക്കിയുള്ള ടിക്കറ്റ് നിരക്ക് പരമാവധി കുറയ്ക്കുന്നതിന് പകരമാണ് ഇപ്പോഴുള്ള കുത്തനെയുള്ള ടിക്കറ്റ് നിരക്ക് വര്‍ധന. ഇത് പ്രതിഷേധാര്‍ഹമാണെന്നും  കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ എണ്ണൂറോളം വിമാന സര്‍വീസുകളാണ് കേരളത്തില്‍ നിന്ന് റദ്ദാക്കിയത്. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതു മുതല്‍ പണം തിരികെ നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടായത്. പുതിയ വിമാനത്താവളങ്ങള്‍ അനുവദിച്ചതുകൊണ്ടു മാത്രം തീരുന്നതല്ല ഇത്തരം പ്രശ്നങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ട് ഇതില്‍ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കണം. 

വിമാനനിരക്ക് വര്‍ധന സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡുവിന്റെ വാക്കുകളില്‍ പ്രതീക്ഷയില്ല. നേരത്തെ രൂപീകരിച്ച ഇത്തരം സമിതികളുടെ പ്രവര്‍ത്തങ്ങള്‍ എവിടെയായി എന്നുകൂടി വ്യക്തമാക്കിയ ശേഷം പുതിയ സമിതി രൂപീകരിക്കുന്നതാവും നല്ലത്. പ്രവാസികളെ പറ്റിക്കാന്‍ രൂപീകരിക്കുന്ന ഇത്തരം സമിതികളിലുള്ള വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. 

ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

ഇന്ത്യയിൽ ആദ്യം! 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് ചികിത്സ; വിപ്ലവകരമായ തീരുമാനവുമായി കേരളം

 

Latest Videos
Follow Us:
Download App:
  • android
  • ios