കൊവിഡ് പരിശോധനാ ഫലത്തിനായി കാത്തിരിക്കേണ്ടി വരുന്നത് ദിവസങ്ങള്‍; സലാലയിലെ പ്രവാസികള്‍ ആശങ്കയില്‍

കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇപ്പോള്‍ ആവശ്യപ്പെടുന്ന വൈദ്യ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സലാലയില്‍ നിന്നും ലഭിക്കുകയുമില്ല. പരിശോധനക്കായി 1200 കിലോമീറ്റര്‍ അകലെയുള്ള മസ്‌കറ്റിലേക്ക് രക്ത സാമ്പിളുകള്‍ അയച്ച് തിരികെ ഫലം വരുവാന്‍  നാല് ദിവസം കാത്തിരിക്കണം.

expats in Salalah to wait four days to get covid test result for return to kerala

സലാല: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും വന്ദേ ഭാരത് ദൗത്യത്തില്‍ നാട്ടിലേക്കുള്ള വിമാനങ്ങളുടെ കുറവും മൂലം സലാലയിലെ  മലയാളികള്‍ ആശങ്കയില്‍. ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വൈദ്യ പരിശോധന സംവിധാനങ്ങള്‍ സലാലയില്‍  ലഭ്യമല്ലെന്നും സലാലയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഏകദേശം 50, 000ത്തിലധികം മലയാളികളാണ്  ദോഫാര്‍ ഗവര്‍ണറേറ്റില്‍ സ്ഥിരതാമസക്കാരായുള്ളത്. ഇവിടെ നിന്നും നാട്ടിലേക്കു മടങ്ങുവാന്‍   പതിനായിരത്തോളം മലയാളികള്‍  മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. വന്ദേ ഭാരത് ദൗത്യത്തില്‍  അഞ്ചു വിമാനങ്ങളിലായി 900  മലയാളികള്‍ക്ക് മാത്രമേ സലാലയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുവാന്‍ സാധിച്ചിട്ടുമുള്ളൂ. ഇനിയും ഈ ഘട്ടത്തില്‍ സലാലയില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസുകള്‍  ഇല്ലന്നും സലാല  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിങ് കണ്‍വീനര്‍  മോഹന്‍ദാസ് തമ്പി പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇപ്പോള്‍ ആവശ്യപ്പെടുന്ന വൈദ്യ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സലാലയില്‍ നിന്നും ലഭിക്കുകയുമില്ല. പരിശോധനക്കായി 1200 കിലോമീറ്റര്‍ അകലെയുള്ള മസ്‌കറ്റിലേക്ക് രക്ത സാമ്പിളുകള്‍ അയച്ച് തിരികെ ഫലം വരുവാന്‍  നാല് ദിവസം കാത്തിരിക്കണം. ഒപ്പം പരിശോധനാ നിരക്ക് പതിനായിരം ഇന്ത്യന്‍ രൂപയില്‍ കൂടുതലാകുമെന്നും സലാല കെ.എംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ്   നാസ്സര്‍ പെരിങ്ങത്തൂര്‍ വ്യക്തമാക്കി.

സലാല കെഎംസിസിയുടെ നേതൃത്വത്തില്‍ അഞ്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്ക് അയക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും നാസ്സര്‍ പെരിങ്ങത്തൂര്‍ പറഞ്ഞു. നിലവില്‍ ദോഫാര്‍ മേഖലയില്‍ കൊവിഡ്  രോഗം വര്‍ധിക്കുന്നതിനാല്‍ ഒമാന്‍ സുപ്രിം കമ്മറ്റി ജൂലൈ മൂന്നു വരെ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനാല്‍  പുറത്ത് യാത്ര ചെയ്യുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് സലാലയില്‍ നിലനില്‍ക്കുന്നത്. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios