കൊവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് സ്കൂൾ ബസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികൾ
സ്വകാര്യ ബസുടമകളുടെ കണക്കുപ്രകാരം ഒമാനിലെ 21 ഇന്ത്യൻ സ്ക്കൂളുകളിലായി അഞ്ഞൂറിലധികം സ്കൂൾ ബസ്സുകളാണ് ട്രാൻസ്‌പോർട്ടിങ് രംഗത്ത് പ്രവർത്തിച്ചു രുന്നത്. ഇതിനു പുറമെ രണ്ടായിരത്തിലധികം സലൂൺ കാറുകളിലായി വിദ്യാത്ഥികളെ സ്കൂളിലെത്തിക്കുന്ന പ്രവാസികളും ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നുണ്ട്.
മസ്‍കത്ത്: കൊവിഡ് പ്രതിസന്ധി മൂലം ഒമാനില്‍ സ്കൂൾ ബസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസി മലയാളികൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇന്ത്യൻ സ്കൂളുകളിൽ അദ്ധ്യായനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെ സ്കൂൾ ട്രാൻസ്‌പോർട്ടിങ് രംഗം പൂർണമായും നിലച്ചു കഴിഞ്ഞു. നഷ്ടങ്ങളുമായി എത്ര കാലം കാത്തിരിക്കണമെന്ന ആശങ്കയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികൾ.
സ്വകാര്യ ബസുടമകളുടെ കണക്കുപ്രകാരം ഒമാനിലെ 21 ഇന്ത്യൻ സ്ക്കൂളുകളിലായി അഞ്ഞൂറിലധികം സ്കൂൾ ബസ്സുകളാണ് ട്രാൻസ്‌പോർട്ടിങ് രംഗത്ത് പ്രവർത്തിച്ചു രുന്നത്. ഇതിനു പുറമെ രണ്ടായിരത്തിലധികം സലൂൺ കാറുകളിലായി വിദ്യാത്ഥികളെ സ്കൂളിലെത്തിക്കുന്ന പ്രവാസികളും ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നുണ്ട്. ഏകദേശം 20,000 വിദ്യാർത്ഥികൾ ബസുകളിലും 15,000ത്തോളം വിദ്യാർത്ഥികൾ സലൂൺ കാറുകളിലും സ്കൂളുകളിൽ എത്തുന്നുവെന്നായിരുന്നു കണക്ക്.
സ്വദേശികളും വിദേശികളുമടക്കം ഏകദേശം മൂവായിരത്തിലധികം പേരാണ് ഈ രംഗത്ത് തൊഴിലെടുത്ത് വന്നിരുന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സ്കൂൾ ബസ്സ് സർവീസുകൾ പൂർണമായും നിലച്ചു കഴിഞ്ഞു. നിലവിലെ വാഹനങ്ങളിൽ പകുതിയിലേറെയും ബാങ്ക് ഫൈനാൻസിംഗിലൂടെ വാങ്ങിയതിനാൽ ബാങ്കിലേക്കുള്ള മാസ അടവുകളും ഇപ്പോൾ കുടിശ്ശികയായി. രണ്ടും മൂന്നും പ്രവാസികൾ ഒരുമിച്ചുചേർന്ന് ഒരു സ്വദേശിയുടെ പേരിൽ വാങ്ങിയിരിക്കുന്ന ബസ്സുകളും സലൂൺ കാറുകളുമാണ് ഇതിലേറെയും. കൊവിഡ് പ്രതിസന്ധി നീണ്ടു പോകുന്നതിനാൽ തികച്ചും ആശങ്കയിലാണ് ഈ രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രവാസികളായ മലയാളികൾ.