കൊവിഡ് പ്രതിസന്ധി; പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളമില്ലാത്ത അവധി നല്‍കി എമിറേറ്റ്സ്
വിവിധ രാജ്യങ്ങള്‍ വ്യോമഗതാഗതത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കാരണം ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സിനോട് എമിറേറ്റ്സ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ദുബായ്: കൊവിഡ് പ്രതിസന്ധി ഏല്‍പ്പിച്ച കനത്ത ആഘാതത്തില്‍ നിന്ന് മുക്തമാവാതെ വിമാനക്കമ്പനികള്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ്, പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും നാല് മാസം ശമ്പളമില്ലാത്ത അവധി വാഗ്ദാനം ചെയ്തു. വിവിധ രാജ്യങ്ങള്‍ വ്യോമഗതാഗതത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കാരണം ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സിനോട് എമിറേറ്റ്സ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ചെലവ് ചുരുക്കുന്നതിനുള്ള താത്കാലിക നടപടിയായിട്ടാണ് ശമ്പളമില്ലാത്ത അവധി നല്‍കാനുള്ള തീരുമാനത്തെ കമ്പനി വിശേഷിപ്പിച്ചത്. അവധിക്ക് യോഗ്യരായ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ജീവനക്കാര്‍ക്കും ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ലീവ് നല്‍കുന്നത്. ശമ്പളമില്ലെങ്കിലും കമ്പനി നല്‍കുന്ന താമസ സൗകര്യം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കും.
ചില രാജ്യങ്ങള്‍ ഭാഗികമായി മാത്രമാണ് വ്യോമ ഗതാഗതം പുനഃരാരംഭിച്ചിട്ടുള്ളത്. നേരത്തെ 157 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്സ് ഇപ്പോള്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. 62 നഗരങ്ങളിലേക്ക് നിലവില്‍ സര്‍വീസ് തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്.