ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ പ്രായമുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പോകാന്‍ അനുമതിയുണ്ടാകും.
ദുബായ്: ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രായമായവര്‍ക്കും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണമാണ് നീക്കിയത്. ഇന്നുമുതല്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോകാം. എന്നാല്‍ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
അതേസമയം ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ പ്രായമുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പോകാന്‍ അനുമതിയുണ്ടാകും. അതുവരെ 30 ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് യുഎഇ നടത്തിയത്.
ദുബായില്‍ സ്വിമ്മിങ് പൂളുകള്‍ അക്വാട്ടിക് സ്പോര്‍ട്സ്, പ്രൈവറ്റ് മ്യൂസിയം, കള്‍ച്ചറല്‍ സെന്ററുകള്‍, ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ പ്രവേശനം അനുവദിക്കും. പബ്ലിക് പാര്‍ക്കുകളിലും ബീച്ചുകളിലുമുള്ള കുട്ടികളുടെ കളിസ്ഥലങ്ങളിലും നിയന്ത്രണം നീക്കിയിട്ടുണ്ട്.