അപ്രതീക്ഷിതമായി വിമാനം റദ്ദാക്കി, നൂറുകണക്കിന് യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; പ്രതിഷേധം, പരാതി
സ്ത്രീകൾ, കുട്ടികൾ,വയോധികർ ഉൾപ്പെട്ട യാത്രക്കാർക്ക് ആഹാരമോ മറ്റു സൗകര്യങ്ങളോ വിമാനക്കമ്പനി ഒരുക്കിയില്ലെന്ന് പരാതിയുണ്ട്.
റിയാദ്: ബുധനാഴ്ച രാത്രി 10.20 ന് ദമ്മാമിൽ നിന്ന് മാംഗ്ലൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. അടുത്ത സർവ്വീസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കൈമാറാതെയും, ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കാതെയും നൂറുകണക്കിന് യാത്രക്കാരെ എയർ ഇന്ത്യ പതിവുപോലെ വലച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി വൈകിയും വിമാനം പുറപ്പെടുന്നതിനെക്കുറിച്ച് അറിവ് ലഭിക്കാത്തതിനാൽ യാത്രക്കാർ ക്ഷുഭിതരായി. ബഹളം വെച്ച യാത്രക്കാരെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ അധികൃതർ കൈമലർത്തുകയാണ്. ദമ്മാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മംഗളൂരു അദാനിവിമാനത്താവളത്തിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് ബുധനാഴ്ച രാവും വ്യാഴാഴ്ച പകലും ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരോട് ഒരു തരത്തിലുള്ള മാന്യത കാണിക്കാനും എയർ ഇന്ത്യ അധികൃതർ തയ്യാറായില്ല.
Read Also - അവസരങ്ങളുടെ ചാകര, ഉയരെ പറക്കാം, ഉയര്‍ന്ന ശമ്പളം; വമ്പൻ റിക്രൂട്ട്മെന്‍റ്, ഒന്നും രണ്ടുമല്ല 2000 ഒഴിവുകൾ
ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 10.20ന് ദമ്മാം വിടേണ്ട എക്സ്പ്രസിൽ കയറാൻ തയ്യാറായി വന്ന യാത്രക്കാരെ വിമാനം റദ്ദാക്കിയ അറിയിപ്പാണ് അർധരാത്രി എതിരേറ്റത്.വ്യാഴാഴ്ച രാവിലെ 11ന് പുറപ്പെടും എന്നും പറഞ്ഞു. വ്യാഴാഴ്ച യാഥാസമയം വിമാനത്തിൽ കയറ്റിയ യാത്രക്കാരെ അരമണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കി. സാങ്കേതിക തകരാർ പരിഹരിച്ച് എപ്പോൾ വിമാനം പുറപ്പെടുമെന്ന് അധികൃതർക്ക് പറയാൻ കഴിയാത്തതാണ് യാത്രക്കാരെ ഏറെ കൂഴക്കിയത്. സ്ത്രീകൾ, കുട്ടികൾ,വയോധികർ ഉൾപ്പെട്ട യാത്രക്കാർക്ക് ആഹാരമോ മറ്റു സൗകര്യങ്ങളോ വിമാനക്കമ്പനി ഒരുക്കിയില്ലെന്ന് പരാതിയുണ്ട്.
എന്നാൽ പെട്ടന്ന് തന്നെ തകരാർ പരിഹരിച്ച് വിമാനം പുറപ്പെടാനാകുമെന്ന ധാരണയിലാണ് യാത്രക്കാരെ ഹോട്ടൽ മുറികളിലേക്ക് മാറ്റാതിരുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത എയർ ഇന്ത്യ ജീവനക്കാരൻ പറഞ്ഞു. അതേ സമയം സർവ്വീസ് റദ്ദ് ചെയ്തതിനെക്കുറിച്ച് വിശദീകരിക്കാൻ മാനേജർമാർ ആരും തയ്യാറായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...