യുഎഇയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ഒറ്റ ദിവസം കൊണ്ട് സന്നദ്ധരായത് 5000 പേര്‍
അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്‍ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്.
അബുദാബി: കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് യുഎഇയില്‍ ഒറ്റ ദിവസം കൊണ്ട് സ്വയം സന്നദ്ധരായി മുന്നോട്ട് വന്നത് 5000 പേര്‍. താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക വെബ്സൈറ്റ് സജ്ജീകരിച്ചിന് പിന്നാലെയാണ് ഒരു ദിവസം കൊണ്ട് അയ്യായിരത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചത്.
അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്‍ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെട്ട കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി www.4humanity.ae എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയത്. പേരും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കിയായിരുന്നു രജിസ്‌ട്രേഷന്‍.
അബുദാബിയിലും അല്‍ ഐനിലും താമസിക്കുന്നവരില്‍ നിന്ന് സ്വയം സന്നദ്ധരാകുന്നവരെയായിരുന്നു ക്ഷണിച്ചത്. സ്വദേശികള്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 18നും 60നും ഇടയില്‍ പ്രായമുള്ളവരെയാണ് ട്രയലിലേക്ക് തെരഞ്ഞെടുക്കുക. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാവും യോഗ്യരായ വ്യക്തികളെ കണ്ടെത്തുന്നത്.
ചൈനീസ് കമ്പനിയായ സിനോഫാം, അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഗ്രൂപ്പ് 42 (ജി42) എന്നിവ തമ്മില്‍ ഒപ്പുവെച്ച ധാരണപ്രകാരമാണ് കൊവിഡ് വാക്സിന്‍ പരീക്ഷണം. ലോകത്തിലെ ആറാമത്തെ പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളാണ് സിനോഫാം സിഎന്‍ബിജി.
കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി നേരത്തെ യുഎഇ അറിയിച്ചിരുന്നു.