പൊതുമാപ്പ്; മക്ക പ്രവിശ്യയിൽ 4358 തടവുകാർ മോചിതരായി
സൗദിയിലുടനീളം ജയിലുകളിൽ കഴിയുന്ന കൊടിയ കുറ്റവാളികൾ ഒഴികെയുള്ള തടവുകാർക്കാണ് രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പൊതുമാപ്പിൻറെ ആനുകൂല്യം മക്ക പ്രവിശ്യയില്‍ 4,358 തടവുകാർക്ക് ലഭിച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. വിവിധ കേസുകളിൽ പെട്ട് ജയിലുകളിലായിരുന്ന വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾക്കാണ് ജയിൽ മോചിതരാവാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും രാജ കാരുണ്യം ഇടയാക്കിയത്.
സൗദിയിലുടനീളം ജയിലുകളിൽ കഴിയുന്ന കൊടിയ കുറ്റവാളികൾ ഒഴികെയുള്ള തടവുകാർക്കാണ് രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. മക്ക പ്രവിശ്യയില്‍ 11.1 കോടി ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തിരിച്ചുപിടിക്കാൻ ഇക്കഴിഞ്ഞ വർഷം സാധിച്ചെന്നും ഗവർണേററ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഈ പ്രവിശ്യയിലേക്ക് മയക്കുമരുന്നു കടത്താനുള്ള നിരവധി ശ്രമങ്ങളെയും തടഞ്ഞു. ഒരു വർഷ കാലയളവിൽ ആറ് ടണ്‍ മയക്കുമരുന്നുകളാണ് സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്. സിവില്‍ അഫയേഴ്‌സ് ഡിപ്പാട്ട്മെൻറുമായി ബന്ധപ്പെട്ട പൗരരുടെ 3,426 കേസുകള്‍ പരിഹരിക്കുകയും 36,000 കോടതി വിധികള്‍ നടപ്പാക്കുകയും ചെയ്തു. പ്രവിശ്യയില്‍ 5,940 തൊഴില്‍ കേസുകൾക്കും പരിഹാരം കണ്ടതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Read Also - അപ്രതീക്ഷിത പ്രഖ്യാപനം; യുവജന വകുപ്പ് മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് ഉംറക്ക് അവസരം
റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലാണ് ഈ വർഷം വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകർക്ക് അനുമതി നൽകിയത്. മതകാര്യ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള തീർഥാടകർക്ക് ആതിഥ്യമരുളാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും, മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി അറിയിച്ചു.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകൾ തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇസ്‌ലാമിക പ്രവർത്തന മേഖലകളിലെ ആളുകളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിനുമുള്ള ഭരണാധികാരികളുടെ മഹത്തായ ശ്രദ്ധയെ സ്ഥിരീകരിക്കുന്നതാണിതെന്നും മതകാര്യവകുപ്പ് മന്ത്രി പറഞ്ഞു. ഉംറ നിർവഹിക്കുന്നതിനും മദീന മസ്ജിദുന്നബവി സന്ദർശിക്കുന്നതിനും മുസ്ലിം ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ, പ്രമുഖർ, പണ്ഡിതന്മാർ, ശൈഖുകൾ, യൂനിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 1,000 പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങൾക്കാണ് ഖാദിമുൽ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ ആതിഥ്യമരുളുകയെന്നും മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...