അമ്പമ്പൊ എന്തൊരു ഏറ്! പാകിസ്ഥാനെ ചരിത്ര ഒളിംപിക് സ്വര്‍ണത്തിലേക്ക് നയിച്ച അര്‍ഷദ് നദീമിന്റെ ത്രോ കാണാം
ടോക്കിയോയില്‍ നീരജ് ഇന്ത്യുടെയാകെ അഭിമാനമായപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അര്‍ഷദ്.
പാരീസ്: ഒളിംപിക്‌സ് അത്‌ലറ്റിക്‌സിലെ ആദ്യ മെഡലെന്ന സ്വപ്നത്തിലേക്കാണ് അര്‍ഷാദ് നദീം ജാവലിന്‍ പായിച്ചത്. നദീമിന്റെ റെക്കോര്‍ഡ് ത്രോയില്‍ പിറന്ന സ്വര്‍ണം പാകിസ്ഥാന് ഇരട്ടിമധുരം. അര്‍ഷദ് നദീമെന്ന ഇരുപത്തിയേഴുകാരന്റെ കയ്യില്‍ നിന്ന് ശരവേഗത്തില്‍ പാഞ്ഞ ജാവ്‌ലിന്‍. തൊണ്ണൂറും പിന്നെയൊരു 2.97 മീറ്ററും കടന്ന് യാത്ര അവസാനിച്ചപ്പോള്‍ പാക്കിസ്ഥാനെന്ന രാജ്യത്തിന്റെ ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണമെന്ന ആഗ്രഹം പൂര്‍ത്തിയായി. 32 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കും അവസാനം. പാക് താരത്തിന്റെ രണ്ടാമത്തേയും അഞ്ചാമത്തേയും ഏറാണാണ് 90 മീറ്ററിനപ്പുറം കടന്നത്.
ടോക്കിയോയില്‍ നീരജ് ഇന്ത്യുടെയാകെ അഭിമാനമായപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അര്‍ഷദ്. അന്നേ അയാല്‍ മനസിലുറപ്പിച്ചിരുന്നു ഇങ്ങനെയൊരു നാള്‍. കഷ്ടതകളും പ്രാരാബ്ധങ്ങളും നിറഞ്ഞ കുട്ടിക്കാലത്ത് ക്രിക്കറ്റായിരുന്നു അര്‍ഷദിന്റെ ആദ്യ സന്തോഷം. പിന്നീട് ജാവ്‌ലിനിലേക്കെത്തിയ അര്‍ഷദ് 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവ്‌ലിനില്‍ തൊണ്ണൂറ് മീറ്റര്‍ നേടി ചരിത്രം കുറിച്ചു. പൊന്നേറിലെ അനായാസതയാണ് അര്‍ഷദിനെ വേറിട്ടതാക്കുന്നത്. അമിത ആവേശമില്ലാതെ, ആയാസമില്ലാതെ കരുത്തും ടെക്‌നിക്കും സമാസമം ചേരുന്നൊരു ശ്രമം.
ഫൈനലിലെ മികച്ച അഞ്ച് ദൂരങ്ങളില്‍ മൂന്നും അര്‍ഷദിന് സ്വന്തം. രണ്ട് തവണ 90 മീറ്റര്‍ മറികടന്ന് അര്‍ഷദ് നടത്തിയത് ഒരു സ്റ്റേറ്റ്‌മെന്റാണ്. ലോക ജാവ്‌ലിനില്‍ അര്‍ഷദ് നദീം എന്ന പേരുണ്ടാകും കുറച്ചേറെ നാള്‍. പുതിയ എതിരാളികളെയും ഒപ്പുള്ളവരെയും വെല്ലുവിളിക്കാന്‍ പോന്നൊരു ചരിത്രവുമായാണ് അയാള്‍ പാരിസില്‍ നിന്ന് മടങ്ങുന്നത് ഇനി മുന്നിലുള്ളത് ജാവ്‌ലിനിലെ ലോക റെക്കോര്‍ഡ്.
ഒരോ ത്രോയിലും മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന അര്‍ഷദ് പാരിസില്‍ നിന്ന് മടങ്ങുമ്പോള്‍ മനസില്‍ ലക്ഷ്യം വച്ചിരിക്കുക ചെക്ക് താരം യാന്‍ സെലന്‍സിയുടെ 98.48 മീറ്ററെന്ന ജാവ്‌ലിനിലെ മാജിക് നമ്പറായിരിക്കുമെന്നുറപ്പ്.