ഒളിംപ്യൻ പി ആർ ശ്രീജേഷിന് വീരോചിത വരവേൽപ്പ് നല്‍കാനൊരുങ്ങി ജന്മനാട്
ആലുവ യുസി കോളേജ് ടാഗോർ ഓഡിറ്റ് ഓഡിറ്റോറിയത്തിൽ വച്ച് ശ്രീജേഷിന് പൗര സ്വീകരണം നൽകും.
കൊച്ചി: പാരീസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം പി ആര്‍ ശ്രീജേഷിന് വീരോചിത വരവേല്‍പ്പൊരുക്കാന്‍ ഒരുങ്ങി ജന്‍മനാട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന ശ്രീജേഷിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മന്ത്രിമാരായ പി രാജീവ്, വി അബ്ദു റഹ്മാൻ, എംപിമാർ, എംഎൽഎമാർ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും കായിക രംഗത്തെ പ്രമുഖർക്കുമൊപ്പം കായികതാരങ്ങളും പൗരപ്രമുഖരും സ്വീകരണത്തില്‍ പങ്കെടുക്കും. പിന്നീട് ആലുവ യുസി കോളേജ് ടാഗോർ ഓഡിറ്റ് ഓഡിറ്റോറിയത്തിൽ വച്ച് ശ്രീജേഷിന് പൗര സ്വീകരണം നൽകും. എയർപോർട്ട് ജംഗ്ഷൻ, ദേശം, പറവൂർ കവല, ആലുവ, ചൂണ്ടി, പൂക്കാട്ടുപടി, കിഴക്കമ്പലം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷമാകും ശ്രീജേഷ് ജന്മനാടായ മോറകാലയിലെ വീട്ടിലെത്തുക.
ഹോക്കിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറെന്ന് ശ്രീജേഷ്! അഭിമാന താരത്തിന് അസാധാരണ യാത്രയയപ്പ്
ശ്രീജേഷിന് സ്വീകരണമൊരുക്കാനായി ഇന്ന് ആലുവ യുസി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആലോചനാ യോഗത്തിൽ എംഎൽഎമാരായാ അൻവർ സാദത്ത്, പി വി ശ്രീനിജൻ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡണ്ട് ജയാ മുരളീധരൻ , കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു , ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം ഷെറഫുദീൻ,ആലുവ മുൻസിപ്പൽ ചെയർമാൻ എം ഒ ജോൺ, കുടുംബശ്രീ കോഡിനേറ്റർ ടി എം റെജീന, ജില്ലാ പ്രോട്ടോകോൾ ഓഫീസർ ജെയിംസ് , യുസി കോളേജ് പ്രിൻസിപ്പൽ ഡോ. എൽദോ വർഗീസ് , ജില്ലാ ഒളിംപിക് അസോസിയേഷൻ ട്രഷറർ സി കെ സനിൽ, കേരള ഒളിംപിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് കെ മോഹൻദാസ് എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക