ഏഷ്യൻ ഗെയിംസ്: സ്ക്വാഷിലും ഇന്ത്യയുടെ സ്വര്‍ണവേട്ട, ചൈനയിൽ സ്വര്‍ണത്തിളക്കവുമായി മലയാളി താരം ദീപിക പള്ളിക്കൽ
നേരത്തെ ആര്‍ച്ചറി വനിതകളുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ജ്യോതി സുരേഖ വെണ്ണം, അതിഥി ഗോപീചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യക്ക് ഇന്ന് സ്വര്‍ണം സമ്മാനിച്ചത്.
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം. മലയാളി താരം ദീപിക പള്ളിക്കലും ഹരീന്ദര്‍പാല്‍ സിങ് സന്ധുവും അടങ്ങുന്ന സഖ്യമാണ് ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. ഇതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 20 ആയി. മലേഷ്യയുടെ ബിന്തി അസ്മന്‍ ഐഫ-മുഹമ്മദ് സയാഫിക് സഖ്യത്തെ വാശിയേറി പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം ചരിത്രനേട്ടം സ്വന്തമാക്കിയത്.
നേരത്തെ ആര്‍ച്ചറി വനിതകളുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ജ്യോതി സുരേഖ വെണ്ണം, അതിഥി ഗോപീചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യക്ക് ഇന്ന് സ്വര്‍ണം സമ്മാനിച്ചത്. വായേറിയ ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ കീഴടക്കിയാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ നേട്ടം. സ്കോര്‍ 230-229. ഇന്തോനേഷ്യയെ തോല്‍പ്പിച്ച ദക്ഷിണ കൊറിയക്കാണ് ഈ ഇനത്തില്‍ വെങ്കലം.
ആര്‍ച്ചറിയും സ്ക്വാഷിലും സ്വര്‍ണം നേടിയപ്പോഴും ബാഡ്മിന്‍റണില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹേ ബിംഗാജിയാവോയോട് തോറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്‍റെ തോല്‍വി. സ്കോര്‍ 16-21, 12-21. ടോക്കിയോ ഒളിംപിക്സില്‍ ബിംഗാജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്.
ചൈനയിലെ ഇന്ത്യയുടെ മേഡല്‍ വേട്ട 83ലെത്തി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ ഇത്തവണ 20 സ്വര്‍ണം 31 വെള്ളി 32 വെങ്കലം അടക്കമാണ് ഇന്ത്യ 82 മെഡലിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക