ജപ്പാനെ തകര്‍ത്തെറിഞ്ഞു, ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം, പാരീസ് ഒളിംപിക്സിന് യോഗ്യത

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിംപിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യക്കായി.

Asian Games 2023: India vs Japan  Men's Hockey Final Live Updates: India beat Japan to win Asian Games Gold gkc

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തുവിട്ടാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില് സ്വര്‍ണനേട്ടം ആവര്‍ത്തിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിംപിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനായി. ഹോക്കി സ്വര്‍ണത്തോടെ ചൈനയിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 95 ആയി.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യയുടെ നാലാമാത്തെയും 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുശേഷം ആദ്യത്തെയും സ്വര്‍ണ നേട്ടമാണിത്. 1966ലെയും 1998ലെയും ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലായിരുന്നു അതിന് മുമ്പ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ഹോക്കി സ്വര്‍ണം നേടിയത്.

നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ ഗോള്‍വര്‍ഷവുമായി സെമിയിലെത്തിയ ഇന്ത്യ സെമിയില്‍ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ഫൈനലിലും അഞ്ച് ഗോളടിച്ച് ഇന്ത്യന്‍ മുന്നേറ്റ നിര കരുത്തു കാട്ടി. ഗോള്‍രഹിതമായിരുന്ന ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറില്‍ 25-ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍വര്‍ഷം തുടങ്ങിയത്. മന്‍പ്രീത് സിങായിരുന്നു ഇന്ത്യക്കായി ലിഡെടുത്തത്. ഗോള്‍ വീണതോടെ ആക്രമണം കനപ്പിച്ച ജപ്പാന്‍ ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോള്‍ പോസ്റ്റിന് താഴെ മലയാളി താരം പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ഇന്ത്യയുടെ രക്ഷക്കെത്തി. ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിന് മാത്രം മുന്നിലായിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ ഉറപ്പിച്ചു, ചൈനയില്‍ ചരിത്രം തിരുത്തി ഇന്ത്യ

മൂന്നാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ ഇന്ത്യ ലീഡുയര്‍ത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് സിങ് ആണ് ഇന്ത്യക്കായി ജപ്പാന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. നാലു മിനിറ്റിനകം ഇന്ത്യ മൂന്നാം ഗോളും നേടി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് അമിത് രോഹിദാസായിരുന്നു ഇന്ത്യയുടെ സ്കോറര്‍. നാലാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ ഗോളടിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കിലും 48-ാം മിനിറ്റില്‍ അഭിഷേക് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ഉറപ്പിച്ച നാലാം ഗോള്‍ നേടി. 59-ാം മിനിറ്റില്‍ അഞ്ചാം ഗോളും നേടി ഇൻ്ത്യ പട്ടിക തികച്ചപ്പോള്‍ കളിയുടെ അവസാന സെക്കന്‍ഡില്‍ ഖവാര യമാട്ടോ ജപ്പാന്‍റെ ആശ്വാസ ഗോള്‍ നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios