ഇന്ത്യക്ക് ഇനിയും മെഡലുകള്‍ നേടാമായിരുന്നു! വെല്ലുവിളിയായത് മറ്റു രാജ്യങ്ങളുടെ ആഫ്രിക്കന്‍ വംശജരെന്ന് സുമരിവാല
ഇന്ത്യന്‍ അത്ലറ്റുകളെ ചൈനീസ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം ലക്ഷ്യമിടുന്നതായി അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) സീനിയര്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചു.
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മെഡല്‍ നേട്ടത്തില്‍ തലയുയര്‍ത്തി അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദില്‍ സുമരിവാല. ആഫ്രിക്കന്‍ വംശജരായ അത്ലറ്റുകളെ ചില രാജ്യങ്ങള്‍ രംഗത്തിറക്കിയിരുന്നില്ലെങ്കില്‍ മെഡല്‍ നേട്ടം ഇനിയും ഉയരുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ പ്രകടനത്തില്‍ അദ്ദേഹം സന്തോഷം പങ്കുവച്ചു.
ലോക അത്ലറ്റിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്കിനോട് സംസാരിച്ചതിങ്ങനെ.. ''ഇന്ത്യയില്‍ നിന്ന് 65 അത്‌ലറ്റുകള്‍ വിവിധ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ പങ്കെടുത്തു. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ 29 മെഡലുകളുമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. കുറഞ്ഞത് ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും ഇന്ത്യക്ക് നഷ്ടമായി. ചില രാജ്യങ്ങള്‍ കളത്തിലിറക്കിയ ആഫ്രിക്കന്‍ വംശജരായ ആളുകകളില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 സ്വര്‍ണവും 19 വെള്ളിയും ഒമ്പത് വെങ്കലവുമായി ഉയരുമായിരുന്നു.'' അദ്ദേഹം വ്യക്തമാക്കി.
ഗെയിംസിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ അത്ലറ്റുകളെ എഎഫ്ഐ പ്രസിഡന്റ് അഭിനന്ദിച്ചു. ''അത്ലറ്റുകള്‍ അവരുടെ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തു. അഞ്ച് അത്ലറ്റുകള്‍ ഗെയിംസില്‍ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചു. കൂടാതെ, മൂന്ന് അത്ലറ്റുകള്‍ പുതിയ ദേശീയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ മറ്റ് രണ്ട് പേര്‍ പുതിയ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു.'' അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, ഇന്ത്യന്‍ അത്ലറ്റുകളെ ചൈനീസ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം ലക്ഷ്യമിടുന്നതായി അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) സീനിയര്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം കാരണം, ചൈനയില്‍ വിജയം കൈവരിക്കുന്നത് ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് വെല്ലുവിളിയാണെന്ന് അഞ്ജു പറഞ്ഞു.
അത്ലറ്റുകളായ നീരജ് ചോപ്ര, കിഷോര്‍ കുമാര്‍ ജെന, അന്നു റാണി എന്നിവര്‍ ഉള്‍പ്പെട്ട ഏഷ്യന്‍ ഗെയിംസിലെ ജാവലിന്‍ ത്രോ ഫൈനല്‍ മത്സരത്തിനിടെ മോശം പ്രകടനത്തിന് പിന്നാലെയാണ് അഞ്ജുവിന്റെ ആരോപണം. ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്ന കാര്യം ഫെഡറേഷന്‍ പരിഗണിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.