'എന്തൊരു കരുതൽ'; സ്വയം മാസ്ക് വച്ചതിന് പിന്നാലെ നായയെയും ധരിപ്പിച്ച് കൊച്ചുമിടുക്കൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
സൈക്കിളിന്റെ മുൻഭാഗത്തായി നായയെ ഇരുത്തി മാസ്ക് ധരിപ്പിച്ച ശേഷമാണ് കുട്ടി യാത്ര തുടങ്ങുന്നത്. എന്നാൽ സൈക്കിളിൽ കയറിയ ശേഷവും നായ മുഖത്തു നിന്നും മാസ്ക് മാറ്റിയിട്ടില്ല എന്ന് പല തവണ ഉറപ്പ് വരുത്തുന്നുമുണ്ട്.
കൊവിഡ് മഹാമാരിക്ക് പിന്നാലെ മാസ്കും സാനിറ്റൈസറും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് ആരോഗ്യപ്രവർത്തകരും ഭരണാധികാരികളും നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, പലരും ഈ നിർദ്ദേശം പാലിക്കാതിരിക്കുന്നുണ്ട്. ഇത്തരക്കാർക്ക് മാതൃകയാക്കാവുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
സൈക്കിളിൽ ചുറ്റാൻ ഇറങ്ങും മുൻപ് സ്വയം മാസ്ക് ധരിക്കുന്നതിനൊപ്പം പ്രിയപ്പെട്ട വളർത്തു നായയ്ക്ക് കൂടി മാസ്ക് നൽകുന്ന കുട്ടിയാണ് വീഡിയോയിലെ താരം. നമുക്ക് ചുറ്റുമുള്ള മറ്റു ജീവികളെ കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ഇക്വഡോറിൽ നിന്നുള്ള ഈ ബാലൻ.
സൈക്കിളിന്റെ മുൻഭാഗത്തായി നായയെ ഇരുത്തി മാസ്ക് ധരിപ്പിച്ച ശേഷമാണ് കുട്ടി യാത്ര തുടങ്ങുന്നത്. എന്നാൽ സൈക്കിളിൽ കയറിയ ശേഷവും നായ മുഖത്തു നിന്നും മാസ്ക് മാറ്റിയിട്ടില്ല എന്ന് പല തവണ ഉറപ്പ് വരുത്തുന്നുമുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കൊച്ചുകുട്ടി കാണിച്ച കരുതലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് പലരും പങ്കുവയ്ക്കുന്നത്. ഈ പ്രവർത്തി മുതിർന്നവർ കൂടി മാതൃക ആക്കേണ്ടതാണെന്നും ഭൂരിഭാഗം പേരും പറയുന്നു.