ആരാണ് വാഹനം പരിശോധിക്കാന്‍ ഉത്തരവാദിത്വമുള്ളയാള്‍ ? വൈറലായി വീഡിയോ
വീഡിയോയില്‍ വാഹനത്തിലിരിക്കുന്നയാള്‍ പുറത്ത് നില്‍ക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥയുമായി, വാഹനം പരിശോധിക്കാന്‍ ആര്‍ക്കാണ് അധികാരമുള്ളത് എന്നതിനെ കുറിച്ച് നടന്ന തര്‍ക്കമായിരുന്നു ഉള്ളടക്കം.
പത്തനംതിട്ട; കഴിഞ്ഞ ദിവസം ഫോസ്ബുക്ക് പേജുകളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ പെട്ടെന്ന് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ വാഹനത്തിലിരിക്കുന്നയാള്‍ പുറത്ത് നില്‍ക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥയുമായി, വാഹനം പരിശോധിക്കാന്‍ ആര്‍ക്കാണ് അധികാരമുള്ളത് എന്നതിനെ കുറിച്ച് നടന്ന തര്‍ക്കമായിരുന്നു ഉള്ളടക്കം.
നെയിം പേറ്റോ മറ്റ് ഐഡന്‍റിറ്റികളോ വെളിപ്പെടുത്താത്ത ഒരാള്‍ രാത്രിയില്‍ വണ്ടി തടഞ്ഞ് പരിശോധിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്യുന്നതായിരുന്നു വീഡിയോ. വാഹനം പരിശോധിക്കുന്നതിന് ചില നിയമവശങ്ങളുണ്ടെന്ന് വാഹനത്തിലിരിക്കുന്നയാള്‍ വനം വകുപ്പ് ഉദ്യോഗസ്ഥയോട് പറയുന്നുണ്ടെങ്കിലും തന്‍റെ കീഴുദ്യോഗസ്ഥനായ വാച്ചറെ കൊണ്ട് വാഹനം പരിശോധിക്കാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, വാഹനത്തിലിരിക്കുന്നയാള്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ 'നിങ്ങള്‍ ഞങ്ങളുടെ ജോലി തടസപ്പെടുത്തുകയാണെ'ന്നായിരുന്നു ഉദ്യോഗസ്ഥയുടെ ആരോപണം.
"
സംഭവത്തിന്‍റെ സത്യാവസ്ഥ അന്വേഷിച്ച ഞങ്ങള്‍, വാഹനത്തിലുണ്ടായിരുന്ന അഡ്വ. ജോണി കെ ജോര്‍ജ്ജുമായി ബന്ധപ്പെട്ടു. അദ്ദേഹം തന്നെയായിരുന്നു വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.അഡ്വ.ജോണി കെ ജോര്‍ജ്ജ് പറയുന്നതിങ്ങനെ:
" കോന്നി താലൂക്കിലെ അരുവാപുലം വില്ലേജില്‍ കല്ലേമുട്ടി എന്ന സ്ഥലത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വച്ചാണ് സംഭവം. കിഫയുടെ (കേരള ഇന്‍റിപെന്‍റന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍) ഒരു ക്ലാസുമായി ബന്ധപ്പെട്ട് കൊക്കാത്തോട്ടില്‍ പോയി തിരിച്ച് വരുമ്പോഴാണ് സംഭവം. അപ്പോള്‍ സമയം ഏതാണ്ട് ഏഴ് ഏഴരയായിക്കാണും. ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ ഏതാണ്ട് 40-45 വയസ് പ്രായമുള്ള ഒരാള്‍ വന്ന് വണ്ടിക്ക് കൈകാണിച്ചു. വണ്ടി നിര്‍ത്തിയ ഉടനെ കൈ കാണിച്ചയാള്‍ വണ്ടിയുടെ പുറകിലേക്ക് പോയി പുറകിലെ ടാര്‍പ്പാ നീക്കി അകത്തേക്ക് ടോര്‍ച്ചടിച്ച് പരിശോധന ആരംഭിച്ചു. ആരാണ് എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ ചോദിച്ചെങ്കിലും അയാള്‍ മറുപടിയൊന്നും പറയാന്‍ തയ്യാറായിരുന്നില്ല.
നിങ്ങള്‍ ആരാണ് എന്ന് വീണ്ടും ചോദിച്ചപ്പോള്‍, അത് നിങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. ഞങ്ങളുടെ സംസാരം കേട്ട് കൊണ്ട് സംഭവ സ്ഥലത്ത് നിന്ന് ഏതാണ്ട് 30 മീറ്റര്‍ മാറിയുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ഓഫീസില്‍ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബിഎഫ്ഒ), ഇറങ്ങി വന്നു. വന്നപ്പോള്‍ തന്നെ അവര്‍ കുറ്റവാളികളോടെന്ന പോലെയാണ് പെരുമാറിയത്. വണ്ടി സര്‍ച്ച് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് അവര്‍ മറ്റാരോടോ വിളിച്ച് പറഞ്ഞു. അതിന് ശേഷം വണ്ടിയുടെ സമീപത്തെത്തിയ അവര്‍ മുകളില്‍ നിന്ന് ആള് വന്നിട്ട് പോയാല്‍ മതിയെന്നും ആവശ്യപ്പെട്ടു. വണ്ടി സര്‍ച്ച് ചെയ്യാന്‍ വാറന്‍റുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയില്ലായിരുന്നു.
എന്‍എംആര്‍ ജോലിക്കാരനാണ് ഫോറസ്റ്റ് വാച്ചര്‍. അത്തരമൊരാള്‍ക്ക് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. കാട് വെട്ടിത്തളിക്കുക, ഫയര്‍ലൈന്‍ തെളിക്കുക എന്നിങ്ങനെ ചില ജോലികള്‍ മാത്രമാണ് അയാള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഒരു വാച്ചര്‍ക്ക് വാഹനം പരിശോധിക്കാന്‍ ഒരു നിയമവും അനുവദിക്കുന്നില്ലെന്നും ഓര്‍ക്കണം. അപ്പോള്‍ പിന്നെങ്ങനെയാണ് ഞാന്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന് വാദിക്കാന്‍ കഴിയുക ? മാത്രമല്ല, ഇന്ത്യയില്‍ അറസ്റ്റ്, പരിശോധന എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ക്ക് ചില പ്രോസീജിയറുകളുണ്ട്. ഇത് സംബന്ധിച്ച് നിരവധി വിധികള്‍ സുപ്രീംകോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, അത്തരം പ്രോസീജിയറുകളൊന്നും ഇവിടെ പാലിക്കപ്പെട്ടില്ല. എന്നിട്ടും അവര്‍ ആരോപിക്കുന്നത് ജോലി തടസ്സപ്പെടുത്തിയെന്നാണ്. അതെങ്ങനെയാണ് ശരിയാവുക ? അവര്‍ പിഎസ്സി പാസായി ജോലിക്ക് കയറിയ ആളാണ്. അതുകൊണ്ടായിരിക്കാം താന്‍ ചെയ്യുന്നതെല്ലാം നിയമവിധേയവും ശരിയുമാണെന്നാണ് അവരുടെ ധാരണയെന്നും അഡ്വ. ജോണി പറയുന്നു. നിയമം എന്താണെന്ന് പൗരന്മാര്‍ക്ക് അറിയാത്തതാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പെരുമാറാന്‍ കാരണമെന്നും അഞ്ചാം ക്ലാസ് മുതല്‍ ഈ രാജ്യത്തിന്‍റെ ഭരണഘടന വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്നും അഡ്വ. ജോണി കെ ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇത് സംബന്ധിച്ച വനംവകുപ്പിന്‍റെ നിലപാടിനോട് അറിയാന്‍ അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.