'ഈ വയസ്സിലും എന്നാ ഒരിതാ'; പിടിച്ചുപറിക്കെത്തിയ മോഷ്ടാവിനെ അടിച്ചൊതുക്കി എഴുപത്തിയേഴുകാരൻ- വീഡിയോ
കാറിൽനിന്ന് പുറത്തിറങ്ങി എടിഎമ്മിലേക്ക് പണമെടുക്കാനായി 77കാരൻ പോകുന്നതും പണമെടുത്ത് തിരിച്ച് വരുന്നതിനിടെ അതുവഴി വന്ന കള്ളൻ അദ്ദേഹത്തിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതും പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
പേഴ്സ് മോഷ്ടിക്കാനെത്തിയ കള്ളനെ അടിച്ചൊതുക്കുന്ന എഴുപത്തിയേഴുകാരനാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. എടിഎമ്മിൽനിന്ന് പണമെടുത്ത് പുറത്തിറങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇംഗ്ലണ്ടിലെ കാർഡിഫിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
സൗത്ത് വെയിൽസിലെ പൊലീസാണ് ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കാറിൽനിന്ന് പുറത്തിറങ്ങി എടിഎമ്മിലേക്ക് പണമെടുക്കാനായി 77കാരൻ പോകുന്നതും പണമെടുത്ത് തിരിച്ച് വരുന്നതിനിടെ അതുവഴി വന്ന കള്ളൻ അദ്ദേഹത്തിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതും പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. കള്ളൻ പണം തട്ടിയെടുക്കുന്നതിനായി വൃദ്ധന്റെ കഴുത്തിൽ കേറിപ്പിടിച്ചായിരുന്നു ആദ്യം ആക്രമണം നടത്തിയത്. പിന്നീട് ഇരുവരും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടന്നു.
തന്നെ ആക്രമിക്കാനെത്തിയ കള്ളനെ മനോധൈര്യം കൈവിടാതെ വൻ ചങ്കൂറ്റതോടെയാണ് വൃദ്ധൻ നേരിടുന്നത്. ബോക്സിങ് മുറകളാണ് അദ്ദേഹം കള്ളനുനേരെ പയറ്റിയത്. വൃദ്ധന്റെ ഇടിയിൽ ഭയന്ന മോഷ്ടാവ് പതിയെ പുറകോട് ഓടിപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ജാക്കറ്റും മുഖം മൂടിയും ധരിച്ചായിരുന്നു കള്ളൻ എത്തിയത്. പണവും ബാങ്ക് കാർഡും ആവശ്യപ്പെട്ടായിരുന്നു കള്ളൻ അദ്ദേഹത്തെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 18ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ മൂന്നുലക്ഷത്തോളം പേർ കണ്ടിട്ടുണ്ട്. രണ്ടായിരത്തിലധികം ആളുകൾ വീഡിയോ പങ്കുവയ്ക്കുകയും ആയിരത്തിലധികം ആളുകൾ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിട്ടുമുണ്ട്. അതേസമയം, നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. 'ഈ വയസ്സിലും എന്നാ ഒരിതാ' എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. അദ്ദേഹമൊരു ബോക്സിങ് ചാംമ്പ്യൻ ആണെന്ന് തോന്നുന്നുവെന്നും അതിനാലാണ് നിസാരമായി കള്ളനെ കീഴടക്കിയതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.