എസ്എസ്എൽസി തോറ്റുപോയവർക്ക് കൊടൈക്കനാലിൽ രണ്ട് ദിവസം സൗജന്യതാമസം, ഭക്ഷണം? അക്കഥ സുധി പറയും...

'തോറ്റവരുമുണ്ടാകില്ലേ? അവരെ ചേർത്തുപിടിക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ. തോറ്റവരുടെ എണ്ണം കുറയുമ്പോൾ ആ കുട്ടികളുടെ സങ്കടവും കൂടും.' സുധി വിശദീകരിക്കുന്നു. 

viral story of two days free accommodation and food in Kodaikanal for SSLC losers

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് എസ്എസ്എൽസി പരീക്ഷഫലം വന്നത്. മികച്ച വിജയമായിരുന്നു ഇത്തവണ. എന്നാൽ എല്ലാ പരീക്ഷകളിലുമെന്ന പോലെ ഇത്തവണയുമുണ്ടായിരുന്നു പരാജയത്തിന്റെ സങ്കടമനുഭവിച്ച കുട്ടികൾ. പക്ഷേ റിസൽട്ട് വന്നതിന്റെ പിറ്റേദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി, ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നു. ''തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നത്. എസ്എസ്എൽസി തോറ്റവർക്ക് കൊടൈക്കനാലിൽ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേ. ഈ ഓഫർ ഈ മാസം അവസാനം വരെ'' എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം. പതിനഞ്ച് വർഷത്തോളമായി കൊടൈക്കനാലിൽ ​ഹാമോക്ക് ഹോംസ്റ്റേ നടത്തുന്ന കോഴിക്കോട് സ്വദേശി സുധിയായിരുന്നു ഈ കുറിപ്പിന് പിന്നിൽ. തന്റെ ഫോൺനമ്പറും സുധി കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. സുധി ചോദിക്കുന്നത് ലോകം തോറ്റവരുടെ കൂടിയല്ലേ? എന്നാണ്.

''വൈറലാകുമെന്ന് പ്രതീക്ഷിച്ചല്ല ഇത്തരമൊരു പോസ്റ്റിട്ടത്. ഇത്രയധികം റെസ്പോൺസ് ലഭിക്കുമെന്നും പ്രതീക്ഷിച്ചില്ല. രണ്ട് ദിവസം കൊണ്ട് ധാരാളം ആളുകൾ വിളിച്ചു. 'ചേട്ടാ, ഞാൻ തോറ്റുപോയി, എപ്പോഴാ അങ്ങോട്ട് വരേണ്ടത്' എന്ന് ചോദിച്ചാണ് ചില കുട്ടികൾ വിളിച്ചത്. കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും സന്നദ്ധസംഘടനകളും ഒക്കെ വിളിച്ചു. എല്ലാവരും ആദ്യമായിട്ടാണ് ഇത്തരമൊരു പോസ്റ്റ് കാണുന്നത്.''  വൈറൽ  പോസ്റ്റിന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് സുധി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. 

സ്കൂൾ കാലത്തെ സുഹൃത്തുക്കളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലുണ്ടായ ഒരു ചർച്ചയെ തുടർന്നാണ് ഇങ്ങനെയൊരു പോസ്റ്റിടാൻ തീരുമാനിച്ചതെന്ന് സുധി. ''ഇത്തവണ തോറ്റവരുടെ എണ്ണം വളരെ കുറവാണ്. എല്ലാവരും ജയിച്ചല്ലോ നീ മാത്രമെന്താ തോറ്റുപോയത് എന്ന ചോദ്യമായിരിക്കും മിക്ക കുട്ടികളും നേരിടേണ്ടി വരുന്നത്. അവർക്കൊരു റിലീഫ് എന്ന നിലയിലാണ് ഇത്തരമൊരു കാര്യം. ജയിച്ചവരെ മാത്രം ആഘോഷിക്കുന്ന ഒരു സമ്പ്രദായമാണ് നമ്മൾ കണ്ടുവരുന്നത്. തോറ്റവരുമുണ്ടാകില്ലേ? അവരെ ചേർത്തുപിടിക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ. തോറ്റവരുടെ എണ്ണം കുറയുമ്പോൾ ആ കുട്ടികളുടെ സങ്കടവും കൂടും.'' സുധി വിശദീകരിക്കുന്നു. 

പരീക്ഷയിലെ തോൽവി ഒന്നിന്റെയും അവസാനമല്ലെന്നാണ് വിളിച്ച വിദ്യാർത്ഥികളോട് പറഞ്ഞത്. പോസ്റ്റിന്റെ  സത്യാവസ്ഥ തിരക്കി വിളിച്ചവരും അനവധിയാണെന്ന് സുധി പറഞ്ഞു. വേരിഫിക്കേഷന് ശേഷമായിരിക്കും ഇവർക്ക് ഈ ഓഫർ നൽകുക. വിദ്യാർത്ഥികൾ പഠിച്ച സ്കൂളിൽ വിളിച്ച് കാര്യങ്ങൾ വിശദമായി അന്വേഷിച്ചതിന് ശേഷമായിരിക്കും താമസിപ്പിക്കുക. മാതാപിതാക്കൾക്കൊപ്പം വരാനാണ് കുട്ടികളോട് പറഞ്ഞിരിക്കുന്നത്. എന്തായാലും ജയിച്ചവർക്കൊപ്പം മാത്രമല്ല, തോറ്റവർ‌ക്ക് കൂടിയുള്ളതാണ് ഈ ലോകമെന്ന് സുധി പറയുന്നു. അവരെ ചേര്‍ത്തുപിടിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനം വരെയാണ് ഓഫർ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോടല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos
Follow Us:
Download App:
  • android
  • ios