'പരസ്യങ്ങള്‍ ശരിയല്ല'; റെഡ് ലേബല്‍ ഒഴിവാക്കാനുള്ള ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂലികള്‍
മുസ്ലിം സമുദായത്തിലുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ റെഡ് ലേബല്‍ പഠിപ്പിക്കേണ്ടെന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് ബ്രൂക്ക് ബോണ്ടിനെതിരെ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ബോയ്ക്കോട്ട് റെഡ് ലേബല്‍ എന്ന ഹാഷ്ടാഗ് ഇതിനോടകം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു
ദില്ലി: ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി ഒഴിവാക്കാന്‍ ആഹ്വാനവുമായുള്ള സംഘപരിവാര്‍ അനുകൂലികളുടെ ട്വിറ്റര്‍ ക്യാംപയിന്‍ ട്രെന്‍ഡിംഗ് ആകുന്നു. റെഡ് ലേബലിന്‍റെ പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്നാണ് ആരോപണം. മതേതര സ്വഭാവമുള്ള പരസ്യങ്ങളുമായി ശ്രദ്ധ നേടിയ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ ഉത്പന്നമാണ് ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി.
കുംഭമേളക്കിടെ അച്ഛനെ തിരക്കില്‍ ഉപേക്ഷിച്ച് പോവുന്ന മകനും, ഗണേശോല്‍സവത്തിന് ഗണിപതി വില്‍പന നടത്തുന്ന മുസ്ലിം വൃദ്ധനും തുടങ്ങിയ പരസ്യങ്ങളാണ് സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
എന്തുകൊണ്ട് തിരക്കില്‍ രക്ഷിതാക്കളെ ഉപേക്ഷിച്ച് പോവുന്ന മുസ്ലിം ആളുകളെയുപയോഗിച്ച് പരസ്യം നിര്‍മ്മിക്കുന്നില്ലെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ഉയര്‍ത്തുന്ന ചോദ്യം.
ഹിന്ദു സമുദായത്തിന്‍റെ ആഘോഷങ്ങളും ആചാരങ്ങളുമാണ് പരസ്യത്തിലൂടെ അവഹേളിക്കപ്പെടുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. മുസ്ലിം സമുദായത്തിലുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ റെഡ് ലേബല്‍ പഠിപ്പിക്കേണ്ടെന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് ബ്രൂക്ക് ബോണ്ടിനെതിരെ ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം ആരംഭിച്ച ബോയ്ക്കോട്ട് റെഡ് ലേബല്‍ എന്ന ഹാഷ്ടാഗ് ഇതിനോടകം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു.