നൂറോളം ചെരുപ്പുകള്‍ കാണാതായി; ഒടുവില്‍ കള്ളനെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ അമ്പരന്നു
നീല നിറത്തിലുള്ള ചെരിപ്പും വായില്‍ പിടിച്ച് നടന്നുനീങ്ങുന്ന കള്ളനെ ക്യാമറയില്‍ കണ്ട് നാട്ടുകാരെല്ലാം അമ്പരന്നു.
ബെര്‍ലിന്‍: വീടിന് പുറത്ത് ഊരിയിടുന്ന ചെരിപ്പുകള്‍ മോഷ്ടിക്കുന്ന ഒരു കള്ളന്‍. ഒരാഴ്ചയിലേറെയായി മോഷണം പതിവായതോടെ നാട്ടുകാര്‍ കള്ളനെ അന്വേഷിച്ചിറങ്ങി, പിടികൂടി. കള്ളനെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നീടതൊരു തമാശയായി മാറി.
ആഴ്ചകളോളം ബെര്‍ലിന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ സെലെണ്ടോര്‍ഫില്‍ ആളുകളുടെ ചെരിപ്പുകള്‍ മോഷ്ടിച്ചത് ഒരു കുറുക്കനായിരുന്നു. നീല നിറത്തിലുള്ള ചെരിപ്പും വായില്‍ പിടിച്ച് നടന്നുനീങ്ങുന്ന കള്ളനെ ക്യാമറയില്‍ കണ്ട് നാട്ടുകാരെല്ലാം അമ്പരന്നു. ഷൂവും ചെരിപ്പുമൊക്കെ അടിച്ചുമാറ്റി കുറുക്കന്‍ നല്ലൊരു കളക്ഷന്‍ തന്നെ ഉണ്ടാക്കിയിരുന്നു.
ക്രിസ്റ്റ്യന്‍ മേയര്‍ എന്ന വ്യക്തിയാണ് കുറുക്കന്റെയും അടിച്ചുമാറ്റിയ ചെരിപ്പുകളും ക്യാമറയിലാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ ചെരിപ്പുകളുടെ വേറിട്ട കളക്ഷന്‍സ് തന്നെയാണ് ക്രിസ്റ്റ്യന്‍ കണ്ടത്. സ്‌പോര്‍ട്‌സ് ഷൂ അടക്കം വിപുലമായ ശേഖരമാണ് കുറുക്കന്റെ കൈവശമുള്ളത്. കള്ളനെ നാട്ടുകാര്‍ വെറുതെ വിട്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ കുറുക്കന്റെ ഫാഷന്‍ സെന്‍സിനെ പറ്റിയാണ് സംസാരം.