ലഡാക്കിലെ പാങ്കോങ് തടാകത്തിലൂടെ എസ് യു വി ഓടിച്ച് യുവാക്കൾ, വ്യാപക വിമർശനം
രണ്ട് വിനോദസഞ്ചാരികൾ കാറിന്റെ സൺറൂഫിന് പുറത്ത് തൂങ്ങി ആർത്തുല്ലസിക്കുന്നതും മൂന്നാമത്തെയാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ജമ്മു കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ലഡാക്കിലെ പാങ്കോങ് തടാകത്തിൽ എസ് യു വി ഓടിച്ച് യുവാക്കൾ. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശനമുയർന്നു. വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് പേരാണ് എസ്‌യുവി പാങ്കോങ് തടാകത്തിലൂടെ ഓടിച്ചത്. ജിഗ്മത്ത് ലഡാക്കി എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ട് വിനോദസഞ്ചാരികൾ കാറിന്റെ സൺറൂഫിന് പുറത്ത് തൂങ്ങി ആർത്തുല്ലസിക്കുന്നതും മൂന്നാമത്തെയാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാക്കളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. ''ഇത്തരം വിനോദസഞ്ചാരികൾ ലഡാക്കിനെ ഇല്ലാതാക്കുകയാണ്. നിങ്ങൾക്കറിയാമോ ലഡാക്കിൽ 350 ലധികം പക്ഷികൾ ഉണ്ട്. പാങ്കോങ് പോലുള്ള തടാകങ്ങൾ നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ഇത്തരം പ്രവൃത്തി നിരവധി പക്ഷികളുടെ ആവാസവ്യവസ്ഥയെ അപകടത്തിലാക്കും''- ജിഗ്മത്ത് ലഡാക്കി വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
പിന്നാലെ വിനോദസഞ്ചാരികളുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. എസ്‌യുവിക്ക് ഹരിയാന രജിസ്‌ട്രേഷൻ നമ്പർ ഉള്ളതിനാൽ ഹരിയാന പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് ടാഗ് ചെയ്തായിരുന്നു ചിലർ വിമർശിച്ചത്. അഞ്ച് ലക്ഷത്തോളം തവണയാണ് വീഡിയോ കണ്ടത്.