അമ്പലമതിൽ തുരന്ന് മോഷണം, തിരിച്ചിറങ്ങാനാകാതെ ദ്വാരത്തിൽ കുടുങ്ങി; അലറിവിളിച്ച കളളനെ പൊക്കി നാട്ടുകാർ
ശ്രീകാകുളം ജില്ലയിലെ കാഞ്ചിലി മണ്ഡലത്തിലെ ജഡിമുടി ഗ്രാമത്തിലാണ് സംഭവം.
ആന്ധ്രാപ്രദേശ്: 'താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു' എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയൊരു കുഴി കുഴിച്ച് അതില്‍ പെട്ടുപോയാലോ? ആന്ധ്രാപ്രദേശിലാണ് അങ്ങനെയൊരു സംഭവമുണ്ടായത്. ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറിയ ഒരു കളളനാണ് ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നത്.
ക്ഷേത്രമതിൽ തുരന്ന് അകത്തു കടന്ന് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളയാനായിരുന്നു ഇയാളുടെ പദ്ധതി. മോഷണം കഴിഞ്ഞ്, അകത്തേക്ക് കയറിയ ദ്വാരത്തിലൂടെ തന്നെ പുറത്തിറങ്ങാൻ ശ്രമിച്ചതാണ്, പക്ഷേ അതിനുള്ളിൽ കുടുങ്ങിപ്പോയി! ഒടുവിൽ അതിൽ നിന്ന് രക്ഷപെടാൻ സഹായത്തിന് നിലവിളിക്കേണ്ടി വന്നു. മോഷ്ടാവിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി. തുടർനടപടികൾക്കായി പോലീസിനെ ഏൽപിക്കുകയും ചെയ്തു. ഏപ്രിൽ അഞ്ചിന് ശ്രീകാകുളം ജില്ലയിലെ കാഞ്ചിലി മണ്ഡലത്തിലെ ജഡിമുടി ഗ്രാമത്തിലാണ് സംഭവം. പാപ്പാറാവു എന്ന മോഷ്ടാവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കള്ളന്‍ ദ്വാരത്തില്‍ കുടുങ്ങി കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.