'ഒരു ക്വാർട്ടറിൽ എത്രയുണ്ട്?' എന്ന് ടീച്ചർ, '30 മില്ലി' എന്ന് വിദ്യാർത്ഥി; വൈറലായി വീഡിയോ
ക്വാർട്ടറിൽ ഉള്ളത് 30 മില്ലി അല്ല എന്നും, അത് സ്മാൾ ആണെന്നും വിശദീകരിച്ചുകൊണ്ടും ഒരാൾ കുട്ടിയെ തിരുത്താനെത്തി
കൊവിഡ് (Covid) ഇനിയും വിട്ടുമാറിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇപ്പോഴും ഭൂരിഭാഗം ക്‌ളാസ്സുകളും തുടരുന്നത് ഓൺലൈൻ(Online) ആയിത്തന്നെയാണ്. മുമ്പ് ക്‌ളാസ് മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോവുമായിരുന്ന പല തമാശകളും അതുകൊണ്ടുതന്നെ ചോർന്നു കിട്ടുന്ന വീഡിയോകളുടെ രൂപത്തിൽ ഇന്ന് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
ഇത് ചാർട്ടേഡ് അക്കൗണ്ടൻസി അഥവാ CA യ്ക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒരു ഓൺലൈൻ ക്‌ളാസ് ആണ്. അതിൽ ഒരു വിദ്യാർത്ഥി തന്റെ അധ്യാപകന് നൽകിയ മറുപടിയാണ് തമാശയ്ക്ക് വക നൽകിയത്. Ednovate CA എന്ന ഓൺലൈൻ ചാർട്ടേഡ് അക്കൗണ്ടൻസി പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ പ്രൊഫ. ധവൽ പുരോഹിത് ക്‌ളാസ് പുരോഗമിക്കുന്നതിനിടെ "നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഒരു ക്വാർട്ടറിൽ എത്ര വരും എന്നാണ്. ഹെത്വിക്, മോനേ... നീ പറ, ഒരു ക്വാർട്ടറിൽ എത്ര വരും?" എന്നൊരു ചോദ്യം ചോദിക്കുന്നു.
തുടർന്ന് കുട്ടി ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്ത ഉത്തരവും പ്രൊഫസർ വായിക്കുന്നു, "അവൻ എഴുതിയിരിക്കുന്നത് 30 മില്ലി എന്നാണ്. ആ കോട്ടർ അല്ല മണ്ടാ..." എന്ന് ദേഷ്യത്തോടെ പല്ലിറുമ്മിക്കൊണ്ട് പ്രൊഫ. പുരോഹിത് പറയുന്നതും വീഡിയോയിൽ കാണാം.
ഈ വീഡിയോ കണ്ട് ചിരിയടക്കാനാവാതെ പലരും അത് വൈറലായി പങ്കുവെക്കുന്നുണ്ട്. "ഇന്നത്തെ കുട്ടികളെ വേറെ ലെവൽ ആണ് " എന്നാണ് വീഡിയോ കണ്ട പലരും പറയുന്നത്.
അതേസമയം, ക്വാർട്ടറിൽ ഉള്ളത് 30 മില്ലി അല്ല എന്നും, അത് സ്മാൾ ആണെന്നും വിശദീകരിച്ചുകൊണ്ടും ഒരാൾ കുട്ടിയെ തിരുത്താനെത്തി. സ്മാൾ : 30ml , ലാർജ് : 60 ml , ഡബിൾ ലാർജ് : 90 ml , പട്യാല ലാർജ് : 120 ml , ക്വാർട്ടർ(കോട്ടർ - Quarter) : 180ml, പൈന്റ്: 375 ml , ഹാഫ് : 500 ml , ഫുൾ = 750 ml, ലിറ്റർ = 1000 ml എന്നിങ്ങനെ എല്ലാ അളവുകളും വിശദമായിത്തന്നെ വിസ്തരിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റിനു ചുവട്ടിൽ വരുന്നുണ്ട്.