ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പത്തൊന്‍പതുകാരനെ കാണാന്‍ സ്വീഡന്‍ സ്വദേശിയായ 16കാരി മുംബൈയില്‍

മുംബൈ സ്വദേശിയുമായി പെൺകുട്ടി കുറച്ചു നാളായി പരിചയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

Swedish teenage girl who came to Mumbai to meet her Instagram friend, reunites with family

മുംബൈ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണുവാന്‍ ഇന്ത്യയിലെത്തി സ്വീഡീഷുകാരിയായ പതിനാറുകാരി മുംബൈയിലെത്തി. മുംബൈ പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെ പെൺകുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം തിരിച്ചയച്ചുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 19 വയസുകാരനെ കാണാനാണ് പെൺകുട്ടി മുംബൈയിലെത്തിയത്.

മുംബൈ സ്വദേശിയുമായി പെൺകുട്ടി കുറച്ചു നാളായി പരിചയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നവംബര്‍ 27നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് സ്വീഡനിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് ഇന്ത്യൻ ബന്ധങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

സ്വീഡനിൽ നിന്ന് പെൺകുട്ടിയെ കാണാതായതായി ഇന്‍റര്‍പോളിൽ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് ആറാം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. നഗരത്തിൽ നിന്ന് കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി പൊലീസ് സംഘം സ്വീഡനിലുള്ള കുടുംബത്തെ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം സ്വീഡനിൽ നിന്ന് ഇന്ത്യയിലെത്തുകയും ചെയ്തു.

പെൺകുട്ടി ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെമ്പാടും നിര്‍ദേശം പോയിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം ലോഗിന്‍ അടക്കമുള്ളവയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഒരു കോളജ് വിദ്യാര്‍ഥിയാണെന്നാണ് പൊലീസ് പറയുന്നത്. കിഴക്കൻ മുംബൈയിലുള്ള ചീറ്റ ക്യാംപിലാണ് പെൺകുട്ടി കഴിയുന്നതെന്ന വിവരം ഇയാള്‍ പൊലീസിന് കൈമാറുകയായിരുന്നു. 

ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കകയും ദക്ഷിണ മുംബൈയിലെ ദോംഗ്രിയിലുള്ള ചിൽഡ്രൻസ് ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തു. ഇതിനു ശേഷം മുംബൈ പോലീസ് സ്വീഡിഷ് എംബസിയ്ക്കും ഇന്‍റര്‍പോളിനും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു. കുട്ടിയെ മടക്കിക്കൊണ്ടു പോകാനായി വെള്ളിയാഴ്ച അച്ഛൻ അടക്കമുള്ളവര്‍ സ്വീഡനിൽ നിന്ന് മുംബൈയിലെത്തി. നടപടികള്‍ക്ക് ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറിയെന്നും കുട്ടിയുമായി കുടുംബം തിരിച്ചു സ്വീഡനിലേയ്ക്ക് തന്നെ പോയെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നീലോത്പാൽ ഡിസിപിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios