'പിശാചിന് മതമില്ല'; സിംസാറുല്‍ ഹഖ് ഹുദവിക്ക് മറുപടിയുമായി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചാണ് ശിഹാബുദ്ദീന്‍ മതപ്രഭാഷകന് മറുപടി നല്‍കുന്നത്. ഭൂമുഖത്ത് പിറന്നതിൽപ്പിന്നെ ആദ്യമായി രുചിയുള്ള ഒരു ഭക്ഷണം കഴിച്ചത് തൊട്ടടുത്ത വീട്ടിലെ ചന്ദ്രേച്ചി വിളമ്പിത്തന്ന ഓണസദ്യയിലാണെന്ന് ശിഹാബുദ്ദീന്‍
തിരുവനന്തപുരം:ഓണാഘോഷങ്ങളില്‍ നിന്ന് തന്ത്രപരമായി മാറി നില്‍ക്കണമെന്നുള്ള മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസ്താവനക്ക് മറുപടിയുമായി എഴുത്തുകാരന്‍ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചാണ് ശിഹാബുദ്ദീന്‍ മതപ്രഭാഷകന് മറുപടി നല്‍കുന്നത്. ഭൂമുഖത്ത് പിറന്നതിൽപ്പിന്നെ ആദ്യമായി രുചിയുള്ള ഒരു ഭക്ഷണം കഴിച്ചത് തൊട്ടടുത്ത വീട്ടിലെ ചന്ദ്രേച്ചി വിളമ്പിത്തന്ന ഓണസദ്യയിലാണെന്ന് ശിഹാബുദ്ദീന്‍ കുറിക്കുന്നു. അന്ന് പള്ളിയിൽ മൈക്ക് സെറ്റ് എത്തിയിരുന്നില്ല. വീട്ടിൽ എല്ലാവരും നിസ്ക്കരിക്കുന്നവരും ഖുർആൻ ഓതുന്നവരുമായിരുന്നു. ചെവി കൂർപ്പിച്ച് നിന്നാലേ വാ ങ്ക് കേൾക്കൂ. പലപ്പോഴും ചന്ദ്രേച്ചി പറഞ്ഞാണ് വാങ്ക് കൊടുത്ത കാര്യം ഞങ്ങൾ അറിഞ്ഞിരുന്നതെന്ന് ശിഹാബുദ്ദീന്‍ പറയുന്നു.
ഈ ഭൂമിയിലെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ചന്ദ്രേച്ചിയും കുടുംബവും. അവർ കഴിഞ്ഞേ ഏത് കുടുംബാംഗങ്ങളും തനിക്കുള്ളൂവെന്ന് ശിഹാബുദ്ദീന്‍ പറയുന്നു. പിശാചിന് മതമില്ല. മത രാഷട്രീയ വേഷങ്ങൾ ഉണ്ടായേക്കാം. ഏത് മതത്തിലായാലും അപരവെറുപ്പിൽ നിന്നാണ് ഇത്തരക്കാർ ആഹാരം സമ്പാദിക്കുന്നത്. സ്നേഹത്തിന്റെ ഭക്ഷണപത്രം അവർ തട്ടിത്തെറിപ്പിക്കുകയും ചെയ്യുമെന്ന കൂട്ടിച്ചേര്‍ക്കലോടെയാണ് ശിഹാബുദ്ദീന്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എസ്കെഎസ്എഫ്എഫ് വേദിയില്‍ മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയത്. ഈ പ്രസ്താവനക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് നേടിയത്.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
പൊയ്ത്തുംകടവ് ഗ്രാമത്തിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറുള്ള മൂന്നുനിരത്ത് എന്ന സ്ഥലത്തായിരുന്നു. എന്റെ കുട്ടിക്കാലം.
എന്നോ നിലച്ചുപോയ ഒരു മരമില്ലിനടുത്തുള്ള
വീതി കുറഞ്ഞ പുഴയോരത്തെ പഴയൊരു മൺ വീട്ടിൽ.
തൊട്ടടുത്ത വീട് ചന്ദ്രികേച്ചിയുടെതാണു്. മിൽ തൊഴിലാളിയായ വാസുവേട്ടനും ഭാര്യ ചന്ദ്രികേച്ചിക്കും കൂടി അന്ന് മൂന്നു മക്കൾ.ശ്യാമളേച്ചി,ശൈലജേച്ചി.ശാലിനി.( വളരെ വൈകി ഒരു മകൾ കൂടിയുണ്ടായി - ശ്രീലത )
ഞങ്ങൾക്കെല്ലാവർക്കും കൊടിയ ദാരിദ്ര്യ കാലം.
ഞങ്ങൾ രണ്ട് വീട്ടുകാർക്കും നല്ല ഭക്ഷണം കിട്ടണമെങ്കിൽ വിശേഷ ദിവസങ്ങൾ വരണം ആ വിശേഷ ദിവസങ്ങൾ ഞങ്ങൾ
രണ്ടു വീട്ടുകാരുടെതുമായിരുന്നു..ഓണവും വിഷുവും വരുമ്പോൾ അവർ ഞങ്ങൾക്കു കൂടി വേണ്ടി കൂടി അരി അളന്നെടുത്ത് മൺകലത്തിലിടും. ഞങ്ങൾ പെരുന്നാളിന് നെയ്ച്ചോറുണ്ടാക്കുമ്പോഴും അങ്ങനെ തന്നെ. അന്ന് ബിരിയാണി സ്ഥലത്തെത്തിയിട്ടില്ല.
ഞാൻ ഇന്നും നല്ല ആഹാരം കഴിക്കുമ്പോൾ ചന്ദ്രേച്ചിയേയും കുടുംബത്തേയും ഓർത്തിട്ടേ ആദ്യത്തെ പിടി നാവിൽ വെക്കൂ മന: പൂർവ്വം ഓർക്കുന്നതല്ല. ആ ഓർമ്മ മിന്നൽ വേഗത്തിൽ മനസ്സിൽ വന്നിട്ട് പോകും.. ഞാൻ ഈ ഭൂമുഖത്ത് പിറന്നതിൽപ്പിന്നെ ആദ്യമായി രുചിയുള്ള ഒരു ഭക്ഷണം കഴിച്ചത് ചന്ദ്രേച്ചി വിളമ്പിത്തന്ന ഓണസദ്യയിലാണ്.
ഏത് കഷ്ടതയിലും ആപത്തിലും ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഓടിയെത്തിയിരുന്നു. റേഷൻ ഷാപ്പിൽ മണ്ണെണ്ണ വന്നുവെന്നതടക്കമുള്ള ഏത് വാർത്തയും ഞങ്ങളുടേതുമായിരുന്നു.
വളപട്ടണം പുഴയുടെ കൈവഴിയായിരുന്ന പാമ്പൻ തോട് എന്ന് ഇന്നു വിളിക്കുന്ന ആ വീതി കുറഞ്ഞ പുഴ. ( ആ പുഴ തോടായും പിന്നെ നീർച്ചാലായും ദുഷിച്ചു വരുന്ന മനുഷ്യ മനസ്സിനോടുള്ള പ്രതിഷേധം പോലെ മണ്ണടിഞ്ഞു മരിച്ചു പോയി. നോക്കിയിരിക്കേ ഒരു പുഴ മരിക്കുന്നത് ഞാൻ നേരിട്ട് കണ്ടു )
ആ പുഴയുടെ ഓരത്ത് ചെറുതോണിയിൽ മീൻ വിൽക്കാൻ ആളുകൾ വരുമായിരുന്നു.പ്രത്യേകിച്ചും ചാകരക്കാലത്ത് . നല്ലതാണെന്നു കണ്ടാൽ ഞങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ ഓടിപ്പോയി ചന്ദ്രേച്ചിയെക്കൂടി അറിയിക്കും. മാങ്കടവിൽ നിന്നും കുറുമാത്തൂറിൽ നിന്നും അന്ന് സീസൺ കാലത്ത് പഴുത്ത ചക്കയും മാങ്ങയുമായി തോണി കരയ്ക്കടുത്തിരുന്നതും ഞങ്ങൾ രണ്ട് കുടുംബങ്ങൾക്കു കൂടിയായിരുന്നു.
അന്ന് പള്ളിയിൽ മൈക്ക് സെറ്റ് എത്തിയിരുന്നില്ല. വീട്ടിൽ എല്ലാവരും നിസ്ക്കരിക്കുന്നവരും ഖുർആൻ ഓതുന്നവരുമായിരുന്നു. ചെവി കൂർപ്പിച്ച് നിന്നാലേ വാ ങ്ക് കേൾക്കൂ. പലപ്പോഴും ചന്ദ്രേച്ചി പറഞ്ഞാണ് വാങ്ക് കൊടുത്ത കാര്യം ഞങ്ങൾ അറിഞ്ഞിരുന്നത്.
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ പണത്തിന് അത്യാവശ്യം വന്ന് ഉപ്പ ആ വീട് വിറ്റ്'
എന്റെ ഉമ്മയുടെ വീട്ടിലേക്ക് താമസം മാറി. ഞങ്ങളുടെ വേർപിരിയൽ ആ കുടുംബത്തെ ഏറെ തളർത്തി. രണ്ടു മൂന്നു വർഷത്തിനുള്ളിൽ അവരും ആ വീട് വിറ്റ് മൂന്നു നിരത്ത് ഉപ്പായിച്ചാൽ പ്രദേശത്തേക്ക് വീട് മാറി.
വർഷങ്ങൾ അനവധി കടന്നു പോയി. ഓരോ ഓണവും ഞങ്ങൾക്ക് വേർപിരിയലിന്റെ ഓണമായിരുന്നു. ഇന്നും ഞങ്ങൾ സഹോദരങ്ങളിലൊരാളെങ്കിലും ഒന്നോ രണ്ടോ മാസത്തിലൊരിക്കൽ ആ വീട് സന്ദർശിക്കും.
ഏതാനും വർഷം മുമ്പ് ചന്ദ്രേച്ചി തറയിൽ തെന്നി വീണ് നടുവൊടിഞ്ഞ് കിടപ്പിലായി. വേദനയുടെ ഞരക്കത്തിനിടയിൽ എപ്പോഴോ മൂന്നാമത്തെ അനുജൻ ആ വീട്ടിൽ യാദൃച്ഛികമായി എത്തിപ്പെട്ടു. ഉഴിച്ചിലുംപാരമ്പര്യ വൈദ്യവുമൊക്കെ നന്നായി പഠിച്ച അനുജൻ അവരെ ചികിത്സിച്ച് ഭേദമാക്കിക്കൊടുത്തു. ദിവസങ്ങളോളം ആ വീട്ടിൽ അവൻ പോകും. അവന് എന്തെങ്കിലും പണമെടുത്ത് നീട്ടും .അവൻ ചിരിച്ച് കൊണ്ട് നിരസിക്കും. ചികിത്സ ഫലിച്ചു. രോഗം പൂർണമായും ശമിച്ചു. അപ്പോഴും പണം കൊടുക്കാൻ ശ്രമിച്ചു.അനുജന്റെ ചിരി അല്പം ഉച്ചത്തിലായപ്പോൾ ചന്ദ്രേച്ചി ചോദിച്ചു: എന്തേ, ഇങ്ങനെ ചിരിക്കുന്നേ?
അവൻ പറഞ്ഞു: ഞാൻ ചികിത്സിച്ചാൽ എന്റെ വീട്ടുകാർ അതിന് പണം തന്നാൽ എനിക്ക് ചിരി വരില്ലേ? പഴയ ഓർമ്മയിൽ അവർ കരയുകയും മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണീരൊപ്പുകയും ചെയ്തു..
മൂത്ത ആളായ ഞാൻ എന്റെ സഹോദരങ്ങളോട് എന്നും പറഞ്ഞു കൊടുക്കും: ഈ ഭൂമിയിലെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ചന്ദ്രേച്ചിയും കുടുംബവും. അവർ കഴിഞ്ഞേ ഏത് കുടുംബാംഗളും നമുക്ക് ഉള്ളൂവെന്ന്. അത് അവർ ഇന്നും ഈ വാക്യം ഹൃദയത്തിൽ സൂക്ഷിക്കുന്നു.
കഷ്ടതയിലും യാതനയിലും കൂടെ നില്ക്കുന്നവരാണ് യഥാർത്ഥ ബന്ധുക്കൾ. അല്ലാതെ കല്യാണച്ചടങ്ങിനും മരണാനന്തരചടങ്ങിലും മാത്രം ബന്ധുത്വം പറഞ്ഞ് ഓടിയെത്തുന്നവരല്ല.
ചന്ദ്രേച്ചി ഏറെക്കാലം സുഖമായി ജീവിച്ചു. അവരും മക്കളും ഞങ്ങളുടെ വീട്ടിൽ വരും. 'ഞങ്ങൾ അങ്ങോട്ടും പോകും..
അടുത്ത മാസത്തോടെ ചന്ദ്രേച്ചി മരിച്ചിട്ട് മൂന്നു വർഷമാകുന്നു. made for each other ആയി ജീവിച്ച വാസുവേട്ടൻ ഒരു വർഷം കഴിഞ്ഞു മരിച്ചു. ചന്ദ്രേച്ചിയില്ലാതെ വാസുവേട്ടന് ജീവിക്കാൻ കഴിയുമായിരുന്നില്ല.
ഓണക്കാലം വരുമ്പോൾ ഇതല്ലാതെ ഞങ്ങൾക്ക് ഓർക്കാൻ മറ്റൊന്നുമല്ല.
സ്നേഹവും അനുതാപവുമില്ലാത്തിടത്ത് ദൈവസാന്നിധ്യമില്ല.വെറുക്കാനും അകലാനും ഉപദേശിക്കുന്നവർ പിശാചിന്റെ പ്രച്ഛന്നവേഷധാരികൾ മാത്രം. അത് വേദവാക്യമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് പൈശാചിക ബാധയേറ്റത് കൊണ്ടു മാത്രമാണ്..
പിശാചിന് മതമില്ല. മത-രാഷട്രീയവേഷങ്ങൾ ഉണ്ടായേക്കാം.
ഏത് മതത്തിലായാലും ,അപരവെറുപ്പിൽ നിന്നാണ് ഇത്തരക്കാർ ആഹാരം സമ്പാദിക്കുന്നത്.
സ്നേഹത്തിന്റെ ഭക്ഷണപത്രം അവർ തട്ടിത്തെറിപ്പിക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ടെലഗ്രാം, ഹലോ, ഷെയര്‍ ചാറ്റ് എന്നിവിടങ്ങളില്‍ ലഭിക്കാന്‍ ചെയ്യേണ്ടത്
ഹലോയില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഷെയര്‍ ചാറ്റില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക