മുന്നറിയിപ്പുകള്‍ അവഗണിച്ച് റിവര്‍ റാഫ്റ്റിംഗിനിറങ്ങിയ സംഘത്തിന് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ
കുത്തൊഴുക്കില്‍പ്പെട്ട സംഘം മൂന്നിലധികം മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് വെള്ളച്ചാട്ടത്തിലേക്ക് കൂപ്പുകുത്തിയത്
പെന്‍സില്‍വാനിയ: മുന്നറിയിപ്പുകള്‍ അവഗണിച്ച റാഫ്റ്റിംഗിനിറങ്ങിയ സംഘം ആര്‍ത്തലക്കുന്ന വെള്ളച്ചാട്ടത്തിലേക്ക് കൂപ്പുകുത്തി വീണു. പെന്‍സില്‍വാനിയയിലെ ഒഹിയോപൈല്‍ സ്റ്റേറ്റ് പാര്‍ക്കിലാണ് സംഭവം. റിവര്‍ റാഫ്റ്റിംഗിനിറങ്ങിയ ആറംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഗൈഡുകള്‍ ഇല്ലാതെ റിവര്‍ റാഫ്റ്റിംഗിനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. യോക്കഗിനി നദിയിലാണ് അപകടം. റിവര്‍ റാഫ്റ്റിംഗിന് ഏറെ പ്രസിദ്ധമാണ് യോക്കഗിനി നദി. എന്നാല്‍ സാധാരണയുള്ള റിവര്‍ റാഫ്റ്റിംഗ് പാതയില്‍ നിന്ന് വ്യതിചലിച്ചതോടെയാണ് സംഘം കുത്തൊഴുക്കില്‍പ്പെട്ടത്. മൂന്നില്‍ അധികം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സംഘം അവഗണിച്ചതാണ് അപകടത്തിനിടയാക്കിയത്.
നദിക്കരയില്‍ പലഭാഗത്തായി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സംഘാംഗങ്ങള്‍ ശ്രദ്ധിച്ചില്ലെന്നാണ് നിരീക്ഷണം. വെള്ളച്ചാട്ടത്തിലേക്ക് കുത്തൊഴുക്കില്‍പ്പെട്ട് എത്തുന്ന സംഘത്തിന്‍റെ ദൃശ്യങ്ങള്‍ കരയില്‍ നിന്ന കോഡി വെറോണിയാണ് പകര്‍ത്തിയത്. മുന്നിലെ അപകടം കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ബോട്ടിലിരിക്കുന്ന സംഘത്തിന്‍റേയും വെളളച്ചാട്ടത്തിലേക്ക് ബോട്ട് മറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൊലീസില്‍ ഇയാള്‍ വിവരം നല്‍കിയതോടെ സേന സ്ഥലത്തെത്തി. സംഘത്തിലുണ്ടായിരുന്ന എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ സംഘത്തിലുണ്ടായിരുന്നവര്‍ മുങ്ങിപ്പോകാതെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സംഘത്തിലെ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. റാഫ്റ്റിംഗിന് ഇറങ്ങുന്നവര്‍ക്ക് നദിയുടെ സ്വഭാവം വ്യക്തമാക്കുന്ന രീതിയില്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് അവഗണിച്ചതാണ് അപകടം ക്ഷണിച്ച് വരുത്തിയതെന്നും ഒഹിയോപൈല്‍ സ്റ്റേറ്റ് പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.