ഓൺലൈൻ പഠനവും റഫ്രിജറേറ്ററും തമ്മിൽ എന്താണ് ബന്ധം? ചിത്രം ശ്രദ്ധിച്ചു നോക്കൂ, ബന്ധം പിടികിട്ടും...!
അപ്പോൾ ഹാംഗറായിരുന്നെങ്കിൽ ഇപ്പോൾ റഫ്രിജറേറ്ററാണ് മറ്റൊരു അധ്യാപിക ഓൺലൈൻ ക്ലാസിന്റെ ഉപകരണമായി എടുത്തിരിക്കുന്നത്.
ദില്ലി: കൊവിഡും ലോക്ക് ഡൗണും മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടച്ചുപൂട്ടിയ സാഹചര്യമാണുള്ളത്. സ്കൂൾ തുറന്നില്ലെങ്കിലും അധ്യാപകരും വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിൽ സജീവമാണ്. ബ്ലാക്ക് ബോർഡും ചോക്കും ഡസ്റ്ററുമൊന്നുമില്ലാതെ മൊബൈൽ സ്ക്രീനിലൂടെയാണ് പഠിക്കുന്നതും പഠിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഡ്രസ് ഹാംഗറും രണ്ട് കഷ്ണം കയറും ഉപയോഗിച്ച് ട്രൈപോഡ് നിർമ്മിച്ച അധ്യാപിക സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അപ്പോൾ ഹാംഗറായിരുന്നെങ്കിൽ ഇപ്പോൾ റഫ്രിജറേറ്ററാണ് മറ്റൊരു അധ്യാപിക ഓൺലൈൻ ക്ലാസിന്റെ ഉപകരണമായി എടുത്തിരിക്കുന്നത്.
റഫ്രിജറേറ്റർ എങ്ങനെയാണ് ഈ ടീച്ചർ ഉപയോഗിച്ചതെന്നറിയണ്ടേ? റഫ്രിജറേറ്ററിനുള്ളിലെ സുതാര്യമായ ട്രേയാണ് ടീച്ചർ എടുത്ത്. കൃത്യമായ അകലത്തിൽ വച്ച രണ്ട് ടിന്നുകൾക്ക് മേൽ ട്രേ വച്ചു. അതിന് മുകളിലായി ക്യാമറ ഓൺ ചെയ്ത് സ്മാർട്ട് ഫോൺ വച്ചു. ഇനിയാണ് അത്ഭുതപ്പെടേണ്ടത്. ട്രേ വച്ചിരിക്കുന്നതിന് താഴെയായി പേപ്പർ വച്ച് അതിൽ കണക്ക് ചെയ്തു. ട്രേ സുതാര്യമായതിനാൽ തൊട്ടുതാഴെ വച്ചിരിക്കുന്ന പേപ്പറിൽ ടീച്ചർ എഴുതുന്ന പാഠഭാഗങ്ങളെല്ലാം ക്യാമറയിലൂടെ കുട്ടികൾക്ക് കാണാൻ സാധിക്കും.
എന്തായാലും ടീച്ചറുടെ സൂത്രപ്പണിയെ കൈയടികളോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. ഓൺലൈനായ പഠിപ്പിക്കാൻ ടീച്ചർ റഫ്രിജറേറ്റർ ഉപയോഗിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഒരു ട്വിറ്റർ ഉപഭോക്താവ് ഈ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നൂറുകണക്കിന് ട്വിറ്റർ ഉപഭോക്താക്കളാണ് ഈ ചിത്രത്തിന് റിട്വീറ്റ് ചെയ്തിരിക്കുന്നത്.