തുറന്നുകിടന്ന മാന്‍ഹോളില്‍ ആരും വീഴാതിരിക്കാന്‍ മഴ നനഞ്ഞുകൊണ്ട് സ്ത്രീ നിന്നത് മണിക്കൂറുകള്‍- വീഡിയോ
ശക്തമായ മഴയെ തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പിന്നാലെ അവിടെ ഉണ്ടായിരുന്ന മാൻഹോളും വെള്ളത്തിനടിയിലായി.
മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി മഴ പെയ്യുകയാണ്. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റേയും പേമാരിയുടെയും ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ദുരിതബാധിതരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടങ്ങൾ. ഇതിനിടയിൽ ഒരു സ്ത്രീയുടെ അനുകമ്പാ പൂർണമായ പ്രവർത്തനമാണ് വൈറലാകുന്നത്.
മുംബൈയിലെ തുളസി പൈപ് റോഡിൽ നിന്നുള്ള കാഴ്ചയാണ് സൈബർ ലോകത്തെ കീഴടക്കിയിരിക്കുന്നത്. വെള്ളത്തിനടിയിലായ മാന്‍ഹോളില്‍ ആളുകള്‍ വീഴാതിരിക്കാന്‍ പെരുമഴയില്‍ മണിക്കൂറുകളോളം നിൽക്കുന്ന സ്ത്രീയെ വീഡിയോയിൽ കാണാം. അതുവഴി പോകുന്ന വാഹനങ്ങൾക്കാണ് അവർ മുന്നറിയിപ്പു നല്‍കുന്നത്.
ശക്തമായ മഴയെ തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പിന്നാലെ അവിടെ ഉണ്ടായിരുന്ന മാൻഹോളും വെള്ളത്തിനടിയിലായി. ഇത് മനസ്സിലാക്കിയ സ്ത്രീ ദുരന്തം ഒഴുവാക്കുന്നതിനായി അതുവഴി വരുന്ന വാഹങ്ങളിലെ യാത്രക്കാരോട് അവിടെ മാൻഹോൾ ഉണ്ടെന്ന് വിളിച്ചു പറയുകയാണ്. കയ്യിൽ ഒരു വടിയുമായി ഏകദേശം അഞ്ചു മണിക്കൂറോളം അവർ അവിടെ നിന്ന് ഈ പ്രവൃത്തി തുടർന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.