റോഡിൽ മറിഞ്ഞുവീണ് ഒഴുകിപ്പരന്ന പാൽ തെരുവുനായ്ക്കൾക്കൊപ്പം പങ്കിട്ട് ഒരാൾ; കണ്ണു നിറയ്ക്കും ഈ വീഡിയോ
തെരുവിലലയുന്ന ആളെപ്പോലെ തോന്നിക്കുന്ന ഒരുവൻ റോഡിൽ ഇരുന്ന് ഈ പാൽ തന്റെ കയ്യിലെ ചെറിയ മൺകുടത്തിൽ ശേഖരിക്കുകയാണ്. കുറച്ച് മാറി തെരുവുനായ്ക്കൾ ഒഴുകിയെത്തുന്ന പാൽ കുടിക്കുന്നുണ്ട്.
ദില്ലി: റോഡിൽ മറിഞ്ഞ് ഒഴുകിയ പാൽ തെരുവുനായ്ക്കൾക്കൊപ്പം ഒരാൾ പങ്കിട്ടെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലോക്ക് ഡൗൺ സമയത്ത് മനുഷ്യർ നേരിടുന്ന ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചയാകുന്നുണ്ട് ഈ വീഡിയോ. ആഗ്രയിലെ രാംബാഗ് റോഡിലാണ് പാൽപാത്രം മറിഞ്ഞ പാൽ മുഴുവൻ റോഡിലൊഴുകി പരന്നത്. തെരുവിലലയുന്ന ആളെപ്പോലെ തോന്നിക്കുന്ന ഒരുവൻ റോഡിൽ ഇരുന്ന് ഈ പാൽ തന്റെ കയ്യിലെ ചെറിയ മൺകുടത്തിൽ ശേഖരിക്കുകയാണ്. കുറച്ച് മാറി തെരുവുനായ്ക്കൾ ഒഴുകിയെത്തുന്ന പാൽ കുടിക്കുന്നുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപനത്ത തുടർന്ന് ലക്ഷക്കണക്കിന് മനുഷ്യരാണ് മുഴുപ്പട്ടിണിയിലേക്ക് എത്തിപ്പെട്ടത്. കമാൽ ഖാൻ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
പട്ടിണി ഭയന്ന് നിരവധി കുടിയേറ്റത്തൊഴിലാളികൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെ പോയിരുന്നു. പലരും കാൽനടയായിട്ടാണ് യാത്ര ചെയ്യാൻ തീരുമാനിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ഇവരുടെ ജോലി നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാകുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം ക്യൂ നിന്നാണ് സൗജന്യമായി ലഭിക്കുന്ന ഭക്ഷണം വാങ്ങുന്നത്. ചിലർക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യവുമുണ്ട്. അവശ്യമായി മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെയാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇന്ത്യയിൽ 9000 ത്തിലധികം പേരാണ് കൊറോണ ബാധിതരായിട്ടുള്ളത്.