വന്ദേഭാരത് ട്രെയിനിൽ മൂത്രമൊഴിക്കാൻ കയറി, വാതിൽ തുറക്കാനായില്ല, യുവാവിന് കിട്ടിയത് എട്ടിന്റെ പണി, സംഭവമിങ്ങനെ
ട്രെയിനിൽ കയറിയതിന് അബ്ദുൾ 1020 രൂപ പിഴ അടയ്‌ക്കേണ്ടി വന്നു. ഉജ്ജയിനിൽ ട്രെയിൻ നിർത്തിയ ശേഷമാണ് ഇറങ്ങാൻ സാധിച്ചത്. പിന്നീട് 750 രൂപ മുടക്കി ഭോപ്പാലിലേക്ക് ബസ് ടിക്കറ്റെടുത്തു.
ഭോപ്പാൽ: നിർത്തിയിട്ട വന്ദേഭാരത് ട്രെയിനിൽ കയറി മൂത്രമൊഴിച്ച യുവാവ് നേരിട്ടത് കടുത്ത ദുരിതം. വാതിൽ അടഞ്ഞുപോയതിനെ തുടർന്ന് ട്രെയിനിൽ നിന്ന് ഇറങ്ങാൻ കഴിയാത്തതിനാൽ 220 കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്റ്റേഷനിലാണ് ഇറങ്ങിയത്. യുവാവിന് ആകെ 6000 രൂപയുടെ നഷ്ടം സംഭവിച്ചു. ജൂലൈ 15ന് ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ ഖാദറാണ് ബുദ്ധിമുട്ട് നേരിട്ടത്. ഹൈദരാബാദിലും സിങ്ഗ്രൗളിയിലും ഡ്രൈ ഫ്രൂട്ട് ഷോപ്പ് ബിസിനസുകാരനാണ് അബ്ദുൾ ഖാദർ. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെയാണ് ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട വന്ദേഭാരത് ട്രെയിനിലെ ശുചിമുറി ഇയാൾ ഉപയോഗിച്ചത്.
ഭാര്യയ്ക്കും എട്ട് വയസുള്ള മകനുമൊപ്പം ഹൈദരാബാദിൽ നിന്ന് മധ്യപ്രദേശിലെ സ്വന്തം നാടായ സിങ്ഗ്രൗലിയിലേക്ക് പോവുകയായിരുന്നു ഇയാൾ. ഹൈദരാബാദിൽ നിന്ന് ഭോപ്പാലിലെത്തിയ ഇവർ സിങ്ഗ്രൗളിയിലേക്ക് ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു. വൈകുന്നേരം 5.20 ന് ഭോപ്പാൽ സ്റ്റേഷനിൽ എത്തിയ ഇവർക്ക് സിങ്ഗ്രൗളിയിലേക്ക് രാത്രി 8.55നായിരുന്നു ട്രെയിൻ. ഇതിനിടെ മൂത്രമൊഴിയ്ക്കാൻ അബ്ദുൾ ഖാദർ ഇൻഡോറിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ കയറി. എന്നാൽ, ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങിയയെങ്കിലും ട്രെയിനിന്റെ പൂട്ടിയതിനാൽ പുറത്തിറങ്ങാനായിസ്സ.
മൂന്ന് ടിക്കറ്റ് കളക്ടർമാരോടും നാല് പൊലീസ് ഉദ്യോഗസ്ഥരോടും അബ്ദുൾ ഖാദർ സഹായം തേടിയെങ്കിലും ലോക്കോ പൈലറ്റിന് മാത്രമേ വാതിൽ തുറക്കാൻ കഴിയൂവെന്ന് അവർ അറിയിച്ചു. അതേസമയം, സുരക്ഷാ കാരണങ്ങളാൽ ഡ്രൈവറെ അടുത്തേക്ക് പോകാനും സമ്മതിച്ചില്ല. ഒടുവിൽ ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയതിന് അബ്ദുൾ 1020 രൂപ പിഴ അടയ്‌ക്കേണ്ടി വന്നു. ഉജ്ജയിനിൽ ട്രെയിൻ നിർത്തിയ ശേഷമാണ് ഇറങ്ങാൻ സാധിച്ചത്. പിന്നീട് 750 രൂപ മുടക്കി ഭോപ്പാലിലേക്ക് ബസ് ടിക്കറ്റെടുത്തു.
ഈ സമയമെല്ലാം ഭാര്യയും മകനും ട്രെയിനിൽ കാത്തിരിക്കുകയായിരുന്നു. സിങ്ഗ്രൗലിയിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റിനത്തിൽ 4000 രൂപയും നഷ്ടമായി. വന്ദേഭാരത് ട്രെയിനുകളിൽ അടിയന്തര സംവിധാനമില്ലാത്തതിനാൽ കുടുംബവും താനും കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്ന് അബ്ദുൾ ഖാദർ ആരോപിച്ചു. അപകടങ്ങൾ തടയുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് വാതിലുകൾ ഇത്തരത്തിൽ സജ്ജീകരിച്ചതെന്നും ഉന്നത അധികാരികളിൽ നിന്ന് ഉത്തരവുകൾ ലഭിച്ചതിന് ശേഷം മാത്രമേ ട്രെയിൻ നിർത്താൻ കഴിയൂവെന്നും റെയിൽവേ അറിയിച്ചു.
Read More... ഒന്ന് അനുവദിച്ചാൽ പല ഹർജികളെത്തും: വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തള്ളി