"മൂന്ന് മാസമായി സൈക്കിള്‍ നന്നാക്കി തന്നിട്ടില്ല, നടപടിയെടുക്കണം"; നോട്ടുബുക്ക് പേജില്‍ പൊലീസിന് എല്‍ പി സ്കൂള്‍ വിദ്യാര്‍ഥിയുടെ പരാതി
വ്യാഴാഴ്ച്ചക്കകം സൈക്കിൾ നന്നാക്കികൊടുക്കാമെന്ന് മെക്കാനിക്ക് പൊലീസിന് ഉറപ്പ് നൽകി.
കോഴിക്കോട്: നോട്ട്ബുക്കില്‍ നിന്ന് കീറിയെടുത്ത പേജില്‍ എല്‍ പി സ്കൂള്‍ വിദ്യാര്‍ഥി എഴുതിയ പരാതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കോഴിക്കോട് മേപ്പയൂർ പൊലീസ് സ്റ്റേഷൻ എസ്ഐക്കാണ് ആബിന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയത്. നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ മൂന്ന് മാസം കഴിഞ്ഞിട്ടും മെക്കാനിക്ക് തിരികെ കൊടുത്തിട്ടില്ലെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ആബിന്‍ പരാതി നല്‍കിയത്. നോട്ട് ബുക്കില്‍ എഴുതിയ പരാതി സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചു.
പരാതി പൊലീസ് ഗൗരവത്തിലെടുത്ത് നടപടി സ്വീകരിച്ചു. സൈക്കിൾ വർക്ഷോപ്പുകാരനെ വിളിച്ചുവരുത്തി പൊലീസ് കാര്യം തിരക്കി. വ്യാഴാഴ്ച്ചക്കകം സൈക്കിൾ നന്നാക്കികൊടുക്കാമെന്ന് ഉറപ്പ് നൽകി. സുഖമില്ലാത്തിനാലും മകന്‍റെ വിവാഹ തിരക്കും കാരണണാണ് സൈക്കിൾ അറ്റകുറ്റപണി നടത്താനും കഴിയാതിരുന്നതെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു.
ആബിന്‍ നല്‍കിയ പരാതി
സർ,
എന്റെയും അനിയന്റെയും സൈക്കിൾ സെപ്തംബർ അഞ്ചാം തിയതി കൊടുത്തതാണ്. ഇത്വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിൾ കൊടുക്കുമ്പോൾ 200 രൂപ വാങ്ങിവെച്ചിട്ടുണ്ട്. വിളിക്കുേമ്പാൾ ചിലപ്പോൾ ഫോൺ എടുക്കില്ല. ചിലപ്പോൾ എടുത്താൽ നന്നാക്കും എന്ന് പറയും. കടയിൽ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം.
എന്ന്
ആബിൻ