മുഖ്യമന്ത്രിക്ക് കമ്മൽ ഊരി നൽകി; മാതൃകയായി കൊച്ചു പെണ്‍കുട്ടി
കുടുക്കയിലെ സമ്പാദ്യത്തിനൊപ്പം രണ്ട് കാതിലെയും കമ്മലുകളും ലിയാന തേജസ് മുഖ്യമന്ത്രിക്ക് ഊരിനല്‍കി.
തിരുവനന്തപുരം: മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവരെ സംസ്ഥാനം ഒറ്റക്കെട്ടായി നിന്ന് സഹായിക്കുകയാണ്. കുടുക്കകളില്‍ ശേഖരിച്ച സമ്പാദ്യം പോലും പ്രളയ ബാധിതര്‍ക്കും ദുരിതാശ്വാസ നിധിയിലേക്കും നല്‍കി മുതിര്‍ന്നവര്‍ക്ക് പോലും മാതൃകയാകുകയാണ് കുട്ടികള്‍. അത്തരത്തില്‍ കുടുക്കയിലെ സമ്പാദ്യത്തിനൊപ്പം രണ്ട് കാതിലെയും കമ്മലുകളും മുഖ്യമന്ത്രിക്ക് ഊരി നല്‍കിയിരിക്കുകയാണ് ലിയാന തേജസ് എന്ന കൊച്ചുമിടുക്കി.
ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഈ കൊച്ചു പെണ്‍കുട്ടി. സഖാവ് എംഎം ലോറൻസിന്റെ നവതി ആദര പരിപാടികൾക്കു ശേഷം മുഖ്യമന്ത്രി മടങ്ങുന്നതിനിടെയാണ് സംഭവം. കുടുക്കയിലെ സമ്പാദ്യം നല്‍കിയ ശേഷം ഇതും കൂടി എന്ന് പറഞ്ഞ് കാതിലെ രണ്ടു കമ്മലുകളും കൊച്ചുമിടുക്കി മുഖ്യമന്ത്രിക്ക് ഊരി നല്‍കി.
സിനിമാ പ്രൊഡക്‌ഷൻ കൺട്രോളർ തങ്കച്ചന്‍റെയും നേഴ്‌സായ സിനിമോളുടെയും മകളാണ് ലിയാന.'ലിയാനയെപ്പോലെ കുറേ കുട്ടികൾ മാതൃകയാകുന്നത് ഓരോ ദിവസത്തേയും അനുഭവമാണ്'. നമ്മുടെ കുട്ടികളാണ് നവകേരളത്തിന്റെ സമ്പത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.