നഴ്സറിയിലേക്ക് മദ്യവുമായെത്തി പെൺകുട്ടി, സ്നാക്സിനൊപ്പം സഹപാഠികൾക്ക് വിളമ്പി
നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു.
മിഷിഗൺ: മിഷിഗണിലെ (Michigan) ഒരു സ്കൂളിലെ ലെ അധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും ഒന്നടങ്കം ആശങ്കയിലാണ്. കാരണം ഈ സ്കൂളിലെ നഴ്സറിയിലെ കുട്ടികൾ ചേര്‍ന്ന് ഒരു കുപ്പി ആൽക്കഹോൾ (Alcohol) അടങ്ങിയ പാനീയമാണ് കുടിച്ചുതീര്‍ത്തത്. നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു.
വെള്ളിയാഴ്ചയാണ് സംഭവം. ലിവോണിയയിലെ ഗ്രാൻറ് റിവര്‍ അക്കാദമിയിലാണ് കൂട്ടുകാര്‍ക്കായി കുട്ടി മദ്യം കൊണ്ടുവന്നത്. അത് മദ്യമായിരുന്നെന്ന് കുട്ടിക്ക് അറിയാമെന്നാണ് അധ്യാപകര്‍ പറയുന്നത്. ചിലര്‍ നാല് സിപ്പ് വരെ എടുത്തു. തന്റെ മകൾ നാല് സിപ്പ് എടുത്തെന്നും വയറുവേദനയായി എന്നുമാണ് വിദ്യാര്‍ത്ഥികളിലൊരാളുടെ രക്ഷിതാവ് പ്രതികരിച്ചത്.
ജോസ് ക്യുര്‍വെ മിക്സ് Jose Cuervo mix ആണ് കുട്ടികൾ കഴിച്ചത്. ഇത് 10 ശതമാനം ആൽക്കഹോൾ അടങ്ങിയ പാനീയമാണ്. കുട്ടികൾ ക്ലാസിലേക്ക് എന്തെല്ലാമാണ് കൊണ്ടുവരുന്നതെന്ന് തങ്ങൾ സസൂക്ഷം നിരീക്ഷിക്കാറുണ്ടെന്നും എന്നാൽ ഇത് ദൗര്‍ഭാഗ്യകരമാണെന്നും സ്കൂൾ അധികൃതര്‍ പ്രസ്താവനയിൽ പറഞ്ഞു. മുതിര്‍ന്നവര്‍ കഴിക്കുന്ന ഇത്തരം പാനീയങ്ങൾ കുട്ടികൾക്ക് അനുയോജ്യമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ രക്ഷിതാക്കൾക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം. കുട്ടിയെ സംബന്ധിച്ച വിവരങ്ങൾ സ്കൂൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.