'നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കൂടി മുളച്ചിരിക്കുന്നു': കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി വിഎസ്

  • ഏറ്റവും പുതിയ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 102ാം സ്ഥാനമാണ് കിട്ടിയത്
  • പട്ടിണി സൂചികയിൽ കഴിഞ്ഞ വർഷം ഇന്ത്യക്ക് പിന്നിലായിരുന്ന പാക്കിസ്ഥാൻ നില മെച്ചപ്പെടുത്തി മുന്നേറിയിരുന്നു
Global hunger index 2019 india rank VS achuthanandan attack on central government

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കേരള ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 102ാം സ്ഥാനത്തായതടക്കം നിരവധി കാര്യങ്ങളുന്നയിച്ചാണ് സർക്കാരിനെതിരെ  വിമർശനം കടുപ്പിച്ചത്.

"നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കൂടി മുളച്ചിരിക്കുന്നു," എന്നാണ് ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം പരാമർശിച്ച് വിഎസ് വിമർശിച്ചത്. ഇനി പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ചാൽ പട്ടിണിപ്പാവങ്ങൾ ആ ആക്രോശം സസന്തോഷം സ്വീകരിക്കുമെന്നും വിഎസ് ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു. 

വിഎസിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ത്യ മുന്നേറുകയാണത്രെ!
നാണമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം കിട്ടി എന്നാണ് പുതിയ വാര്‍ത്ത. പാക്കിസ്ഥാനെയും പിന്തള്ളി ഇന്ത്യ നൂറ്റി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. അച്ഛേ ദിന്‍ വന്നുകഴിഞ്ഞു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ പോവുകയാണെന്ന മുന്നറിയിപ്പ് ലോകബാങ്ക് നല്‍കിക്കഴിഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ന്നതും തൊഴിലില്ലായ്മ ഉയര്‍ന്നതുമാണത്രെ കാരണം. ലോക ബാങ്ക് പറഞ്ഞിട്ടൊന്നും വേണ്ട, ഇന്ത്യക്കാര്‍ ഇക്കാര്യം അറിയാന്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും വരുത്തിവെച്ച വിന ഭീതിദമാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏതാണ്ട് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇതിനിടയിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വീരവാദം മുഴക്കിയും, ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന ആ പൊറാട്ട് നാടകത്തിലൂടെ കര്‍ഷകരുടേയും തൊഴിലാളികളുടേയും നിലനില്‍പ്പിനായുള്ള പോരാട്ടത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios