രക്തത്തിൽ കുളിച്ച് കിടന്നവരെ രക്ഷിക്കാൻ വന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; കോൺഗ്രസ് നേതാവിന്റെ കുറിപ്പ് വൈറൽ

  • അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാന്റെ പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങിയതായിരുന്നു മാത്യു കുഴൽനാടൻ
  • ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് വേണ്ടി പോസ്റ്ററൊട്ടിക്കുകയായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ രമണൻ
cpm branch secretary congress leader mathew kuzhalnadan jointly saves two seriously injured in accident

കൊച്ചി: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫോർട്ട്‌കൊച്ചി സ്വദേശികളെ ആശുപത്രിയിലെത്തിക്കാൻ മാത്യു കുഴൽനാടനൊപ്പം പോയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി രമണൻ

ആലപ്പുഴ: എല്ലാ രാഷ്ട്രീയക്കാരെയും പുച്ഛമുള്ളവർ വായിക്കേണ്ടത് എന്ന ഹാഷ്‌ടാഗോടെ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പങ്കുവച്ച കുറിപ്പിന് കൈയ്യടി. ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് പരിപാടികൾ കഴിഞ്ഞ് മടങ്ങും വഴി റോഡപകടത്തിൽ പെട്ട രണ്ട് പേരെ രക്ഷിക്കാൻ ഇടയായ സാഹചര്യവും ഒപ്പം വന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി രമണനെയും കുറിച്ചുള്ളതാണ് കുറിപ്പ്. തന്റെ ഫെയ്സ്ബുക്ക് വാളിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയിരിക്കുന്നത്.

ഇന്നലെ രാത്രി 11 മണിയോടെ അരൂരിനടുത്ത് വച്ചായിരുന്നു സംഭവം. ദേശീയപാതയിൽ അപകടത്തിൽ പെട്ട സ്വിഫ്റ്റ് കാറിൽ ഗുരുതരമായ പരിക്കുകളോടെ കിടന്ന രണ്ട് പേരെയാണ് കോൺഗ്രസ് നേതാവും ഡ്രൈവറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂടി രക്ഷിച്ചത്.

പരിക്കേറ്റ കാറിന് സമീപം ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്ന് മാത്യു പറയുന്നു. ഇവരിലൊരാൾ പരിക്കേറ്റയാൾ മരിച്ചെന്ന് കൂടി പറഞ്ഞതായും ഇദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായം ചോദിച്ചെങ്കിലും ആരും തയ്യാറായില്ല. ഈ സമയത്താണ്  ഒരാൾ സഹായിക്കാനായി മുന്നോട്ട് വന്നത്.

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാന് വേണ്ടി പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മാത്യു കുഴൽനാടൻ. അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് വേണ്ടി പോസ്റ്റർ ഒട്ടിക്കുകയായിരുന്നു രമണൻ. ഇരുപാർട്ടിക്കാരും കൈകോർത്തതോടെ രണ്ട് ജീവനുകളാണ് രക്ഷിക്കാനായത്.

മാത്യു കുഴൽനാടന്റെ ഫെയ്‌സ്ബുക് പോസ്റ്റ്

#എല്ലാ_രാഷ്ട്രീയക്കാരേയും_പുച്ഛമുള്ളവർ_ഇത്_വായിക്കണം.

ഇന്നലെ രാത്രി ഉദ്ദേശം 11.00 മണിക്ക് അരൂർ മണ്ഡലത്തിലെ പ്രചരണ പരിപാടികൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൽ നിന്നും മടങ്ങി. ഞാനും ഡ്രൈവറും മാത്രമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് കിലോമീറ്റർ പിന്നിട്ടപ്പോൾ ഹൈവേയിൽ ഒരാൾക്കൂട്ടവും നിലവിളിയും. നോക്കിയപ്പോൾ ആക്സിഡന്റാണ് ഒരു സിഫ്റ്റ് കാർ ഇടിച്ച് തകർന്ന് കിടക്കുന്നു. അകത്ത് ഉള്ള ഒരാളെ പുറത്ത് എടുക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.

പല അഭിപ്രായങ്ങളാണ് വരുന്നത്. പോലീസ് വരട്ടെ , ആംബുലൻസ് വിളിക്ക് ഇടയ്ക്ക് കണ്ണിൽ ചോരയില്ലാതെ ഒരാൾ പറയുന്നു 'ആള് തീർന്നു.. ഇതിനിടെ വളരെ പ്രയാസപ്പെട്ട് ആ ചെറുപ്പക്കാരനെ പുറത്ത് എടുത്തു. ഇതിനിടയിൽ ഹൈവേയിലൂടെ നിരവധി വാഹനങ്ങൾ വന്ന് നിർത്തി കാഴ്ച കണ്ടിട്ട് ഓടിച്ച് പോയി. പുറത്ത് എടുത്ത ആദ്യത്തെ ആളെ ആശുപത്രിയിൽ എത്തിക്കാർ പലരോടും അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല.

പ്രയാസപ്പെട്ട് രണ്ട് പേരേയും വണ്ടിയിൽ കയറ്റി. ഒരാളുടെ നില ഗുരുതരം, തല പൊട്ടി ചോര ഒലിക്കുന്നു, അബോധാവസ്ഥയിലാണ്. ഉച്ചത്തിൽ പ്രയാസപ്പെട്ട് ശ്വാസോച്ഛാസം ചെയ്യുന്നു. ചോര ശ്വാസകോശത്തിൽ പോയാലുള്ള അപകടം അറിയാവുന്നത് കൊണ്ട്, തല ഉയർത്തി പിടിക്കാൻ ആരെങ്കിലും വണ്ടിയിൽ കയറാൻ അഭ്യർത്ഥിച്ചു. ആരുമില്ലാ.. എല്ലാവരും കാഴ്ചക്കാരാണ്..

ഒടുവിൽ കൈലിമുണ്ട് ഉടുത്ത ഒരു ചേട്ടൻ മുന്നോട്ട് വന്ന് ഞാൻ വരാം എന്ന് പറഞ്ഞ് കയറി. ഈ രണ്ട് ചെറുപ്പക്കാരുമായി ആവുന്ന വേഗത്തിൽ ലേക്ക് ഷോർ ഹോസ്പിറ്റലിലേക്ക് കുതിച്ചു. ഞങ്ങൾ പരസ്പരം അധികം സംസാരിച്ചില്ലാ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടവർ എന്ന് മാത്രം മനസ്സിലാക്കി.

ക്യാഷ്യാലിറ്റിയിൽ എത്തിച്ച് ഡോക്ടറെ ഏൽപ്പിച്ച് വിവരങ്ങൾ കൈമാറി. ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴും ഒരു മരവിപ്പ് വിട്ട് മാറിയിരുന്നില്ലാ. പിരിയാനായി ഞങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തു. അപ്പോൾ ആ ചേട്ടൻ ചോദിച്ചു.. "സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. "

ഞാൻ സ്വയം പരിചയപ്പെടുത്തി

" ഞാൻ മാത്യു കുഴൽ നാടൻ, ഷാനിമോൾ ഉസ്മാന്റെ പ്രചരണ പരിപാടിക്ക് വേണ്ടി വന്നതാണ്.. "

അപ്പോൾ ആ ചേട്ടൻ പറഞ്ഞു

''ഞാൻ രമണൻ, സി.പി.എം ന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്, ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു..

ഞങ്ങൾ കൂടുതൽ സംസാരിച്ചില്ലാ..

പരസ്പരം മൊബൈൽ നമ്പർ കൈമാറി, സ്നേഹം പങ്കിട്ട്, കഴിയുമെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios