നഴ്സുമാര്‍ക്ക് ഫ്ലൈയിംഗ് കിസ് നൽകി കൊവിഡ് പോസറ്റീവായ കുഞ്ഞ്; വീഡിയോ വൈറൽ
മറ്റ് കുടുംബാംഗങ്ങളെ ഡിസ്ചാർജ് ചെയ്തപ്പോൾ കുട്ടി ഇപ്പോഴും ആശുപത്രിയിൽ തന്നെ കഴിയുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് പോസറ്റീവായ ഒരു കുട്ടിയുടെ ഫ്ലൈയിംഗ് കിസ്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പതിനഞ്ച് മാസം മാത്രമാണ് ഈ സുന്ദരി കുട്ടിയുടെ പ്രായം. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംആർ) നിന്നുള്ളതാണ് വീഡിയോ.
നരേന്ദ്ര ത്യാഗി എന്ന സീനിയർ നഴ്സിനൊപ്പമാണ് കുഞ്ഞിന്റെ കളി. കുട്ടി ഫ്ലൈയിംഗ് കിസ് നൽകുന്നതും നരേന്ദ്ര ത്യാഗിക്ക് ഹസ്തദാനം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പ്രതിരോധ വസ്ത്രങ്ങളൊക്കെ ധരിച്ചാണ് നഴ്സ് കുട്ടിയുടെ അടുക്കൽ നിൽക്കുന്നത്. അമ്മ പറയുന്ന കാര്യങ്ങളാണ് അതുപോലെ ഈ കൊച്ചുമിടുക്കി ചെയ്യുന്നത്.
ചണ്ഡിഗഡിലെ സെക്ടർ 30ലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. അമ്മ ഒഴികെയുള്ള അവളുടെ എല്ലാ കുടുംബാംഗങ്ങളെയും കൊവിഡ് പോസിറ്റീവ് രോഗികളായിരുന്നു. മറ്റ് കുടുംബാംഗങ്ങളെ ഡിസ്ചാർജ് ചെയ്തപ്പോൾ കുട്ടി ഇപ്പോഴും ആശുപത്രിയിൽ തന്നെ കഴിയുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.