20 ദിവസം കൊവിഡ് വാര്‍ഡില്‍, വീട്ടിലെത്തിയ ഡോക്ടര്‍ക്ക് പൂക്കള്‍ വിതറി സ്വീകരണം, വീഡിയോ പങ്കുവച്ച് മോദി
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഐസിയുവിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടര്‍ക്ക് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നല്‍കിയത് വമ്പന്‍ സ്വീകരണം
ദില്ലി: കൊവിഡിനോട് പൊരുതുന്നവര്‍ക്ക് കരുത്തുപകരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പലപ്പോഴും മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ മാതൃകയാവുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഐസിയുവിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടര്‍ക്ക് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നല്‍കിയ സ്വീകരണമാണ് വീഡിയോ.
20 ദിവസത്തെ തുടര്‍ച്ചയായ സേവനത്തിന് ശേഷം വീട്ടിലേക്ക മടങ്ങിയതാണ് ഡോക്ടര്‍. പ്ലക്കാര്‍ഡുകളും പൂക്കളുമായാണ് ഡോക്ടറെ എതിരേറ്റത്. വീടിന് മുന്നില്‍ തന്നെ സ്വീകരിക്കാനെത്തിയവരെ കണ്ട് അമ്പരപ്പും സന്തോഷവുംകൊണ്ട് കണ്ണുനിറയുന്നുണ്ട് ഡോക്ടര്‍ക്ക്. പൊട്ടിക്കരഞ്ഞ ഡോക്ടറെ ബന്ധുക്കളിലൊരാളാണ് വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.
ഹൃദയസ്പര്‍ശിയായ ഈ വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയും റീട്വീറ്റ് ചെയ്തു. '' ഇത്തരം നിമിഷങ്ങള്‍ ഹൃദയം നിറയ്ക്കും. ഇതാണ് ഇന്ത്യയുടെ ആത്മാവ്. നമ്മള്‍ സധൈര്യം കൊവിഡിനെ നേരിടും'' പ്രധാനമന്ത്രി വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചു.