പര്‍ദ്ദയിട്ട യുവതിയുടെ മടിയില്‍ ഉറങ്ങുന്ന കുഞ്ഞുമാളികപ്പുറം; വൈറലായ ചിത്രത്തിന് പിന്നില്‍...

ശബരിമല ദര്‍ശനത്തിന് പോകുന്ന പെണ്‍കുട്ടിയും മകളെ കാണാന്‍ കോട്ടയത്തേക്ക് പോകുന്ന മുസ്ലീം യുവതിമായിരുന്നു അവര്‍...

behind the photo of a girl sleeping in a muslim woman's lap in a train

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡ‍ിയ ചര്‍ച്ചചെയ്ത് പരശുറാം എക്സ്പ്രസ് ട്രെയിനില്‍നിന്നെടുത്ത ഒരു സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും ചിത്രമാണ്. ശബരിമല ദര്‍ശനത്തിന് പോകുന്ന പെണ്‍കുട്ടിയും മകളെ കാണാന്‍ കോട്ടയത്തേക്ക് പോകുന്ന മുസ്ലീം യുവതിമായിരുന്നു അവര്‍. പെണ്‍കുട്ടി ആ സ്ത്രീയുടെ മടിയില്‍ കിടന്നാണ് യാത്ര ചെയ്യുന്നത്. ചിത്രം വൈറലായതോടെ ചിത്രത്തിലുള്ള ആ സ്ത്രീയെയും ആളുകള്‍ തിരിച്ചറിഞ്ഞു.  തബ്ഷീര്‍ എന്ന പ്രവാസിയായ എഞ്ചിനിയറാണ് അവര്‍. 

ഭർത്താവും മക്കളുമായി ദുബായിൽ കഴിയുന്ന തബ്ഷീർ കാസർഗോഡ് ജില്ലയിലെ 'ചെംനാട്'കാരിയാണ്. എം എച്ച് സീതി ഉസ്താദിന്റെ മകളാണ്. കാസർഗോഡ് ആദ്യമായി ഇസ്ലാമിക പുസ്തകങ്ങൾ വിൽക്കുന്ന കട തുടങ്ങിയത് അദ്ദേഹമാണ്. 'അനീസാ ബുക് ഡിപ്പോ'. പ്രശസ്ത കാലിഗ്രാഫർ ഖലീലുള്ള ചെംനാട് അടക്കം മൂന്ന് സഹോദരന്മാരും നാല് സഹോദരിമാരും ആണ് തബ്ഷീർന്.

ആ മടിയില്‍ കിടക്കുന്ന വേദ എന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ സന്ദീപ് തന്നെയാണ് ചിത്രം പകർത്തിയത്. വേഷംപോലും രാഷ്ട്രീയ വത്കരിക്കപ്പെടുന്ന കാലത്ത് ഈ ചിത്രം ഇവിടെ ചേര്‍ത്തുവയ്ക്കുന്നു എന്ന അടിക്കുറിപ്പോടെ സന്ദീപ് ഗോവിന്ദ് എന്ന സുഹൃത്താണ് അത് ഫേസ്ബുക്കിലിട്ടത്. വി ടി ബല്‍റാം എംഎല്‍എയടക്കം നിരവധി പ്രമുഖര്‍ ഈ ചിത്രം പങ്കുവച്ചു. 

ചിത്രം പങ്കുവച്ച നജീബ് മൂടാടിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നലെ ഫേസ്‌ബുക്കിൽ കണ്ട ആ ചിത്രം, ആരെന്നറിയില്ലെങ്കിലും മനസ്സ് നിറച്ചത് കൊണ്ടാണ്
'അവർ രണ്ടുപേരും ധരിച്ച കറുത്ത വസ്ത്രങ്ങൾ ആർക്കും മുറിച്ചു മറ്റാനാവാത്ത സ്നേഹം കൊണ്ടാണ് നെയ്തത്'. എന്ന ഒരു അടിക്കുറിപ്പോടെ
വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടത്.

അത് കണ്ട Safa യാണ്‌ അവളുടെ കസിൻ തബ്ഷീർ ആണ് ആ ഉമ്മ എന്ന് പറഞ്ഞതും കൂടെയുള്ള ചിത്രങ്ങൾ അയച്ചു തന്നതും. സഫയുടെ വാക്കുകളിൽ
ആ ഉമ്മയെ ഒന്ന് പരിചയപ്പെടാം.

ഭർത്താവും മക്കളുമായി
ദുബായിൽ എഞ്ചിനീയറായി കഴിയുന്ന തബ്ഷീർ കാസർഗോഡ് ജില്ലയിലെ 'ചെംനാട്'കാരിയാണ്.
M.H. സീതി ഉസ്താദിന്റെ മകൾ.
കാസർഗോഡ് ആദ്യമായി ഇസ്ലാമിക പുസ്തകങ്ങൾ വിൽക്കുന്ന കട തുടങ്ങിയത് അദ്ദേഹമാണ്. 'അനീസാ ബുക് ഡിപ്പോ'.
പ്രശസ്ത കാലിഗ്രാഫർ ഖലീലുള്ള ചെംനാട് അടക്കം 3 സഹോദരന്മാരും 4 സഹോദരിമാരും ആണ് തബ്ഷീർന്.

മനുഷ്യർക്കിടയിൽ മതത്തിന്റെ പേരിൽ വിദ്വേഷത്തിന്റെ വിഷവിത്തുകൾ മുളപ്പിക്കാൻ ഭരണകൂടം പോലും ശ്രമിക്കുന്ന ഇക്കാലത്ത്, ശബരിമല യാത്രക്കിടെ തന്റെ മകൾ വേദ തൊട്ടടുത്തിരിക്കുന്ന പർദ്ദയിട്ട ഉമ്മയുടെ മടിയിൽ തലവെച്ചു സുഖമായി ഉറങ്ങുന്ന ചിത്രം വേദയുടെ അച്ഛൻ സന്ദീപ് തന്നെയാണ് പകർത്തിയത്. കോട്ടയത്തു പഠിക്കുന്ന മക്കളെ കാണാൻ പോവുകയായിരുന്നു ദുബായിൽ നിന്നെത്തിയ തബ്ഷീർ.

വസ്ത്രം കണ്ട് ആളെ തിരിച്ചറിയാൻ ഉപദേശിക്കുന്ന,
മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതും.

 

Latest Videos
Follow Us:
Download App:
  • android
  • ios