'രണ്ട് പഴത്തിന്‍റെ വിലയ്ക്ക് മുറി തരാമെന്ന് ഓയോ റൂംസ്, പിസ തരാമെന്ന് പിസ ഹട്ട്'; 'പഴം തരംഗം' പരസ്യ വിപണിയിലും
42 രൂപയ്ക്ക് പഴം ലഭിക്കുമ്പോള്‍ മൂന്നുമാസത്തെ പ്രൈം വീഡിയോ, ഉടനടി ഷിപ്പിങ്, മ്യൂസിക് സ്ട്രീമിങ്, ഇ- ബുക്സ് എന്നിവയും 55 രൂപ ഇളവും നല്‍കാമെന്നാണ് ആമസോണ്‍ പ്രൈമിന്‍റെ പരസ്യം.
തിരുവനന്തപുരം: രണ്ട് പഴത്തിന്‍റെ വിലയ്ക്ക് ഒരു മുറി വാടകയ്ക്ക് തരാമെന്ന് പരസ്യം നല്‍കി ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃംഖലയായ ഓയോ റൂംസ്. എന്നാല്‍ രണ്ട് പഴത്തിന്‍റെ വിലയിലും കുറഞ്ഞ നിരക്കില്‍ പിസ നല്‍കാമെന്നാണ് പിസ ഹട്ടിന്‍റെ പരസ്യം. 'പഴം തരംഗം' പരസ്യ വിപണിയില്‍ നിറയുമ്പോള്‍ ഇതെന്താണെന്ന് തല പുകയ്ക്കുകയാണ് സോഷ്യല്‍ മീഡിയ.
രണ്ടു പഴത്തിന് നികുതിയടക്കം 442 രൂപ നല്‍കേണ്ടി വന്ന ബോളിവുഡ് നടന്‍ രാഹുല്‍ ബോസിനുണ്ടായ അനുഭവം ട്വിറ്ററില്‍ വൈറലായതോടെ ഇതിന് ചുവടുപിടിച്ച് പുതിയ പരസ്യ വാചകങ്ങളുമായി വിവിധ ബ്രാന്‍ഡുകള്‍ രംഗത്തെത്തിയത്. ജിഎസ്ടിയുടെ പേരില്‍ നക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ വന്‍ചൂഷണം നടത്തുന്നുവെന്ന പരാതികള്‍ക്കിടയിലാണ് പുതിയ വിവാദം ഉടലെടുത്തത്.
'ഞങ്ങളോട് ആരും പറഞ്ഞില്ല 442 രൂപ രണ്ട് പഴത്തിന്‍റെ വിലയാണെന്ന്. എന്നാല്‍ ഞങ്ങള്‍ ആ വിലയ്ക്ക് ഒരു മുറി വാടകയ്ക്ക് നല്‍കുകയാണ്' - ഓയോ റൂംസ് നല്‍കിയ പരസ്യത്തിലെ വാചകമാണ്. രണ്ടു പഴം 442 രൂപയ്ക്ക് വാങ്ങുന്നതിന് പകരം 99 രൂപയ്ക്ക് രുചികരമായ പിസ നല്‍കാമെന്നതാണ് പിസ ഹട്ടിന്‍റെ പരസ്യം. നിങ്ങള്‍ ആഗ്രഹിക്കുന്ന പഴം പുതുമയോടെ സൗജന്യമായി നല്‍കാമെന്നാണ് താജ് ഹോട്ടല്‍ ശൃംഖലയുടെ വാഗ്ദാനം.
പഴത്തെ വേണ്ടെന്ന് വെക്കാന്‍ കാരണമൊന്നുമില്ലെന്ന ടാഗ് ലൈനോടെയാണ് ഗോദ്റേജിന്‍റെ ഭക്ഷ്യവിതരണ ശൃംഖലയായ നേച്വേഴ്സ് ബാസ്കറ്റ് പരസ്യമിറക്കിയത്. 14 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഇവരുടെ പ്രഖ്യാപനം. 399 രൂപയ്ക്ക് 84 ദിവസത്തേക്ക് ദിവസേന 1.5 ജിബി ഇന്‍റര്‍നെറ്റ് നല്‍കാമെന്ന് റിലയന്‍സ് ജിയോയും അറിയിച്ചു.
442 രൂപയ്ക്ക് പഴം ലഭിക്കുമ്പോള്‍ മൂന്നുമാസത്തെ പ്രൈം വീഡിയോ, ഉടനടി ഷിപ്പിങ്, മ്യൂസിക് സ്ട്രീമിങ്, ഇ- ബുക്സ് എന്നിവയും 55 രൂപ ഇളവും നല്‍കാമെന്നാണ് ആമസോണ്‍ പ്രൈമിന്‍റെ പരസ്യം. എന്തായാലും 'പഴം തരംഗ'ത്തിലൂടെ വിപണി പിടിക്കാനൊരുങ്ങുകയാണ് പരസ്യ കമ്പനികള്‍