മദ്യപിച്ച് കാറിന് മുകളിൽ കയറിനിന്ന് ഡാൻസ്, വീഡിയോ വൈറലായതോടെ ഉടമയ്ക്കെതിരെ കേസും പിഴയും
മാരുതി സുസുക്കി എർട്ടിഗയുടെ മുകളിൽ കയറിയായിരുന്നു അഭ്യാസം. ഗാസിയാബാദ് പൊലീസിനെ വീഡിയോയിൽ ടാഗ് ചെയ്തതോടെയാണ് കാർ ഉടമയ്ക്കെതിരെ നടപടിയെടുത്തത്.
ഗാസിയാബാദ്: മദ്യപിച്ച് പൊതുനിരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ (Car) മുകളിൽ കയറി നൃത്തം (Dance) ചെയ്ത് യുവാക്കൾ. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ (Twitter) പ്രചരിച്ചതിനെ തുടർന്ന് കാറുടമയ്ക്ക് പൊലീസ് പിഴ ചുമത്തി. 20000 രൂപയാണ് പിഴയീടാക്കിയത്. ഗാസിയാബാദിൽ വച്ചാണ് യുവാക്കൾ മദ്യപിച്ച് ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേയിൽ കാറിന്റെ മുകളിൽ കയറി നിന്ന് നൃത്തം ചെയ്തത്.
വീഡിയോ ട്വിറ്ററിൽ പ്രചരിച്ചതോടെ വലിയ പ്രതികരണമാണ് പുറത്തുവരുന്നത്. മദ്യപിച്ച് നൃത്തം ചെയ്തവർ ഇനി ലോക്കപ്പിൽ നൃത്തം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. മാരുതി സുസുക്കി എർട്ടിഗയുടെ മുകളിൽ കയറിയായിരുന്നു അഭ്യാസം. ഗാസിയാബാദ് പൊലീസിനെ വീഡിയോയിൽ ടാഗ് ചെയ്തതോടെയാണ് കാർ ഉടമയ്ക്കെതിരെ നടപടിയെടുത്തത്.
തിരക്കേറിയ റോഡിലൂടെ കാർ വളരെ സാവധാനത്തിൽ നീങ്ങുന്നതാണ് 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്. രണ്ട് പേർ എർട്ടിഗയിൽ നിന്ന് ഇറങ്ങി അതിന്റെ മുകളിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പകർത്തി. കാറിന്റെ നമ്പർ പ്ലേറ്റും വീഡിയോയിൽ ദൃശ്യമാണ്,അത് ഉടൻ തന്നെ വൈറലായി.
പിന്നാലെ, “ട്വിറ്ററിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പ്രസ്തുത വാഹന ഉടമയ്‌ക്കെതിരെ മൊത്തം 20,000 രൂപ ചലാൻ ചുമത്തി“യതായി ഗാസിയാബാദ് ട്രാഫിക് പൊലീസ് പ്രതികരിച്ചു. വാഹനത്തിന്റെ ഉടമയുടെ പേരും രജിസ്‌ട്രേഷൻ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഇ-ചലാന്റെ പകർപ്പും ട്രാഫിക് പോലീസിന്റെ ട്വീറ്റിലുണ്ട്.
ചലാൻ അനുസരിച്ച്, വെള്ളിയാഴ്ച (ഏപ്രിൽ 1) ബുലന്ദ്ഷഹർ റോഡിലെ ഗാസിയാബാദിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ സെക്ടർ 13 ലാണ് സംഭവം. സമയം രാത്രി 8 മണി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.