ഇവർക്ക് ജീവിക്കാൻ കാൻസറിനെ തോൽപിച്ചേ മതിയാകൂ; വൈറലായി കണ്ണീർകുറിപ്പ്
പരിശോധനകൾക്കൊടുവിൽ എല്ലിനെ ബാധിച്ചിരിക്കുന്ന കാൻസറാണെന്ന് തിരിച്ചറിഞ്ഞു. എന്നിട്ടും മനസ്സിലെ പ്രണയത്തിൽ നിന്ന് ഒരിഞ്ച് പോലും പുറകോട്ട് പോകാൻ ഇരുവരും തയ്യാറായില്ല. സച്ചിന്റെ സ്നേഹത്തിന്റെ തണലിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഭവ്യ തീരുമാനിച്ചത്. അവളെ ഒരു രോഗത്തിനും വിട്ടുകൊടുക്കാൻ സച്ചിനും തയ്യാറായിരുന്നില്ല.
മലപ്പുറം: അർബുദത്തെ പ്രണയം കൊണ്ട് തോൽപിക്കാനൊരുങ്ങുകയാണ് മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും. കഴിഞ്ഞ വർഷം ഒരേ സ്ഥാപനത്തിൽ അക്കൗണ്ടിംഗ് പഠിക്കാനെത്തി പ്രണയത്തിലായവരായിരുന്നുഇവർ. സൗഹൃദം എപ്പോഴോ പ്രണയത്തിലേക്ക് വഴി മാറിയപ്പോൾ രണ്ടു പേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഭവ്യയ്ക്ക് നിലമ്പൂർ ബാങ്കിൽ ജോലി ലഭിച്ചു. സച്ചിനും പഠനം പൂർത്തിയാക്കി നല്ലൊരു ജോലി സമ്പാദിക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. ശക്തമായ പുറംവേദനയുടെ രൂപത്തിൽ രോഗം ഭവ്യയെ തേടിയെത്തി.
പരിശോധനകൾക്കൊടുവിൽ എല്ലിനെ ബാധിച്ചിരിക്കുന്ന കാൻസറാണെന്ന് തിരിച്ചറിഞ്ഞു. എന്നിട്ടും മനസ്സിലെ പ്രണയത്തിൽ നിന്ന് ഒരിഞ്ച് പോലും പുറകോട്ട് പോകാൻ ഇരുവരും തയ്യാറായില്ല. സച്ചിന്റെ സ്നേഹത്തിന്റെ തണലിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഭവ്യ തീരുമാനിച്ചത്. അവളെ ഒരു രോഗത്തിനും വിട്ടുകൊടുക്കാൻ സച്ചിനും തയ്യാറായിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്ന അച്ഛന്റെ വരുമാനത്തിൽ ഭവ്യയുടെ ചികിത്സാ ചെലവുകൾ മുന്നോട്ട് പോകില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ സച്ചിനും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങാൻ തീരുമാനിച്ചു. അങ്ങനെ മാർബിൾ പണിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് രണ്ട് കുടുംബങ്ങളെയും ഭവ്യയുടെ ചികിത്സയും മുന്നോട്ട് പോകുന്നത്.
ആദ്യത്തെ കീമോ കഴിഞ്ഞപ്പോൾ തന്നെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. എട്ടാമത്തെ കീമോയ്ക്കായി പോകുമ്പോൾ ഭവ്യ സച്ചിന്റെ പ്രണയിനി അല്ല , ഭാര്യയാണ്. ലളിതമായി ചടങ്ങുകളോട് കൂടി സച്ചിൻ അവളെ പാതിയാക്കി ചേർത്തു നിർത്തിയിട്ടുണ്ട്. എന്നാൽ മാർബിൾ പണിക്ക് പോയി കിട്ടുന്ന വരുമാനം ഭീമമായ ചികിത്സാ ചെലവുകൾക്ക് തികയില്ല.
മലപ്പുറം സ്വദേശിയായ അരവിന്ദാണ് സച്ചിന്റെയും ഭവ്യയുടെയും ജീവിതം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. മാസത്തിൽ രണ്ട് തവണ ആശുപത്രിയിൽ പോകണം. ഓരോ യാത്രയിലും മുപ്പതിനായിരം രൂപയാണ് ചെലവ് വരുന്നത്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ ഭവ്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. രണ്ട് ചെറുപ്പക്കാർക്ക് അവരുടെ ജീവിതവും സ്വപ്നങ്ങളും തിരികെ ലഭിക്കുകയും ചെയ്യും.
സഹായമെത്തിക്കേണ്ട ഭവ്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഇതാണ്:
BHAVYA P
Acc.number: 40160101056769
IFSC : KLGB0040160
KERALA GRAMIN BANK
KARULAI BRANCH