സിഎന്‍എന്‍ ചാനലിന് ട്രംപിന്റെ 'ഇടി'
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മാധ്യമങ്ങളോടുള്ള അരിശം തീരുന്നില്ല. തനിക്കെതിരായ വ്യാജ വാർത്തകൾ നൽകുന്നതായി ട്രംപ് ആരോപിക്കുന്ന സിഎൻഎൻ ചാനലിനു നേർക്കാണ് പ്രസിഡന്റിന്റെ ലാസ്റ്റ് പഞ്ച്. റെസ്ലിംഗ് ഗോധയ്ക്കു വെളിയിൽ സിഎൻഎൻ ചാനലിന്റെ മുഖത്ത് താൻ ഇടിക്കുന്നതായ അനിമേഷൻ വീഡിയോ പോസ്റ്റ് ചെയ്താണ് ട്രംപ് അരിശം തീർത്തിരിക്കുന്നത്.
ട്വിറ്ററിലാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തത്. സിഎൻഎൻ ചാനലിനെ ട്രംപ് പ്രതീകാത്മകമായി മർദിക്കുന്നതാണ് ദൃശ്യം. ട്രംപ് ഒരാളെ ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. മർദനം ഏൽക്കുന്ന ആളുടെ തല സിഎൻഎൻ ലോഗോ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.
2007 ൽ വേൾഡ് റെസ്ലിംഗ് എന്റർടെയ്ൻമെന്റിൽ (WWE) ട്രംപ് നടത്തിയ വിക്രിയയാണ് പുതിയ രൂപത്തിലേക്ക് മാറ്റിയിരിക്കുന്നത്. അന്ന് ഫ്രാഞ്ചസി ഉടമ വിൻസി മക്മാനെയാണ് ട്രംപ് ഇടിച്ചത്. റെസ്ലിംഗ് തിരക്കഥയ്ക്കനുസരിച്ചുള്ള നാടകമായിരുന്നു ഇത്. എന്നാൽ ഈ വീഡിയോ ട്രംപ് അനുകൂല ഇന്റർനെറ്റ് ഫോറം സിഎൻഎൻ ചാനലിനെ മർദിക്കുന്നതായി അനിമേഷൻ ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഇത് ട്രംപ് ട്വീറ്റ് ചെയ്യുകയും പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്ന് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഫ്രോഡ് ന്യൂസ് സിഎൻഎൻ എന്നാണ് ട്വീറ്റിന് ട്രംപ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. പ്രസിഡന്റ് മാധ്യമങ്ങൾക്കെതിരായ ആക്രമണത്തിന് പ്രേരിക്കുകയാണെന്ന് സിഎൻഎൻ കുറ്റപ്പെടുത്തി.
നേരത്തെ ട്രംപിനെ വിമര്‍ശിക്കുന്ന സിഎന്‍എന്‍ ഉൾപ്പെടെയുള്ള മാധ്യമങ്ങളെ ഔദ്ധ്യോഗിക വാര്‍ത്ത സമ്മേളനങ്ങളില്‍ നിന്നും ഒഴിവാക്കിയ വൈറ്റ് ഹൗസ് നടപടി വ്യാപക പ്രതിഷേധനത്തിന് കാരണമായിരുന്നു.