കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് പിന്നില്‍ റൈസ് പുള്ളര്‍ ഇടപാട്? എന്താണീ റൈസ് പുള്ളർ?
ഇടുക്കി കന്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷ്ണൻ നിധിക്ക് പുറമേ റൈസ് പുള്ളറിന്റെ പേരിലും തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ സംഘം. തമിഴ്നാട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇടുക്കി കന്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷ്ണൻ നിധിക്ക് പുറമേ റൈസ് പുള്ളറിന്റെ പേരിലും തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ സംഘം. തമിഴ്നാട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അത്യാഗ്രഹികളായ അന്ധവിശ്വാസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിക്കാൻ മന്ത്രവാദികളും തട്ടിപ്പുകാരും കാലങ്ങളായി ഉപയോഗിക്കുന്ന അത്ഭുതശേഷികളുണ്ടെന്ന് അവകാശപ്പെടുന്ന ചെന്പുകുടമാണ് റൈസ് പുള്ളർ. ഇറിഡിയം കോപ്പർ എന്ന അത്ഭുതലോഹം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതിന് അരിമണികളെ ആകർഷിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് അവകാശവാദം. വെള്ളിമൂങ്ങ, ഇരുതലമൂരി, വലംപിരി ശംഖ്, നാഗമാണിക്യം എന്നിങ്ങനെ ഉള്ളതും ഇല്ലാത്തതുമായ നിരവധി വസ്തുക്കളുടെ പേരിൽ നടക്കുന്ന തട്ടിപ്പ് മാതിരി തന്നെയാണ് റൈസ് പുള്ളർ തട്ടിപ്പും.
അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലയുള്ള ലോഹമാണ് ഇറിഡിയം കോപ്പർ എന്നാണ് തട്ടിപ്പുകാരുടെ അവകാശവാദം. ഇതിന്‍റെ അത്ഭുതസിദ്ധികൾ വിശദീകരിക്കാൻ അവർ മന്ത്രവാദത്തേയും ഇന്ദ്രജാലത്തേയും വേണ്ടിവന്നാൽ ശാസ്ത്രത്തേയും വരെ കൂട്ടുപിടിക്കും. ക്ഷേത്രങ്ങളുടെ ചെന്പ് താഴികക്കുടങ്ങളിലും പള്ളികളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ലോഹക്കുരിശുകളിലും ചില പ്രത്യേക സമയത്ത് ഇടിമിന്നലേറ്റാൽ അത് ഇറിഡിയം കോപ്പർ എന്ന അത്ഭുത ലോഹമായി മാറുമെന്ന് ഇരകളെ തട്ടിപ്പുകാർ പറഞ്ഞു വിശ്വസിപ്പിക്കും.
ഈ ലോഹം ബഹിരാകാശ പേടികങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാനും റോക്കറ്റുകളും മിസൈലുകളും അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന് വിശദീകരിക്കും. നാസയും ഐഎസ്ആർഒയും അടക്കമുള്ള ബഹിരാകാശ ഏജൻസികളും ഇസ്രായേലിലെ ആയുധ നിർമ്മാണ കന്പനികളുമാണ് നിലവിൽ ഈ ലോഹത്തിന്‍റെ ആവശ്യക്കാരെന്ന ഇവരുടെ വാചകത്തിൽ വീഴുന്ന ഇരകളെ റൈസ് പുള്ളർ കാട്ടിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ച് അഡ്വാൻസ് തുക വാങ്ങും. ഇടിമിന്നലേറ്റാൽ ഒരു ലോഹവും മറ്റൊരു ലോഹമായി മാറില്ല എന്നതൊന്നും അന്ധവിശ്വാസികളുടേയും മന്ത്രവാദികളുടേയും യുക്തിക്ക് നിരക്കില്ല.
ഇറിഡിയം കോപ്പറിന്‍റെ അത്ഭുതശേഷി തിരിച്ചറിഞ്ഞ പൂർവികർ ചില കുടുംബങ്ങളിൽ ഇത് ലോഹപാത്രങ്ങളുടെയും നാണയങ്ങളുടെയും മറ്റും രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ഇത് കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും. പക്ഷേ കോപ്പര്‍ ഇറിഡിയം (റൈസ് പുള്ളര്‍) വിറ്റാൽ അതിലും പണം കിട്ടും എന്നാണ് കള്ളക്കഥ. ‘വിദേശത്തുനിന്ന് റൈസ് പുള്ളർ പരിശോധിക്കാൻ വരുന്ന വിദഗ്ധർക്ക്’ ലക്ഷങ്ങള്‍ പ്രതിഫലം കൊടുക്കണം. പക്ഷേ നിലവിൽ റൈസ് പുള്ളർ കൈവശമിരിക്കുന്ന ആൾക്ക് പണം മുടക്കാനില്ല.
ആ പണം മുടക്കിയാൽ നിങ്ങൾ മുഖേന കച്ചവടം നടക്കുമെന്ന് തട്ടിപ്പുകാർ ഇരയെ പറഞ്ഞ് വിശ്വസിപ്പിക്കും. അഞ്ചേോ പത്തോ ലക്ഷം രൂപ മുടക്കിയാൽ കച്ചവടം നടന്നുകഴിഞ്ഞ് അത് ഇരട്ടിയായി തിരിച്ചുകിട്ടും എന്നും മറ്റുമുള്ള വാചകത്തിൽ ഇര വീഴും. വിദഗ്ധരുടെ വേഷത്തിൽ വരുന്ന ആൾമാറാട്ടക്കാരുടെ പ്രൊഫഷണൽ സമീപനം കൂടി കാണുമ്പോഴേക്ക് പിന്നെ സംശയം ഒന്നുമുണ്ടാകില്ല. ഇരട്ടിയായി തിരിച്ചുകിട്ടും എന്ന വിശ്വാസത്തിൽ അത്യാഗ്രഹികളായ അന്ധവിശ്വാസികൾ തട്ടിപ്പുകാർക്ക് പണം സംഘടിപ്പിച്ച് നൽകും. (ഇരയുടെ സാഹചര്യവും പരിസരവുമനുസരിച്ച് ഈ കഥയിൽ മാറ്റം വരും)
റൈസ് പുള്ളർ നേരിട്ട് കാണുന്നതിനും ഇരയുടെ കയ്യിൽ നിന്ന് പ്രത്യേകം പണം വാങ്ങാറുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് മുമ്പ് നടത്തിയ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. റൈസ് പുള്ളറിന് ചുറ്റും വിതറിയിരിക്കുന്ന അരിമണികളെ ആകർഷിക്കാനാകുമെന്നും റൈസ് പുള്ളറിലേക്ക് ടോർച്ച് ലൈറ്റ് തെളിയിച്ചാൽ അതിന്‍റെ ബൾബ് ഫ്യൂസായിപ്പോകുമെന്നും കാട്ടിക്കൊടുക്കും. ഇതൊക്കെയും തട്ടിപ്പുകാരുടെ കൈവഴക്കവും തട്ടിക്കൂട്ട് ഇന്ദ്രജാലവിദ്യകളുമാണ്. (ഒപ്പം ചേർത്തിരിക്കുന്ന വീഡിയോ കാണുക)
Watch Video:... ആര്‍പി എന്ന ഓമനപ്പേരില്‍ അറിയുന്ന റൈസ്പുള്ളര്‍ തേടി ഒരു യാത്ര
പണം കൈക്കലാക്കിയാൽപ്പിന്നെ തട്ടിപ്പുകാരെ കാണില്ല. ഈ തട്ടിപ്പിൽപ്പെട്ട് കുടുംബം നശിച്ചരും മനോനില തെറ്റിയവരും നിരവിധിയുണ്ട്. പണം നഷ്ടപ്പെട്ടതിന് ശേഷം തിരക്കിച്ചെന്നാൽ വ്യാപാരം നടക്കാതിരിക്കുന്നതിന് തട്ടിപ്പുകാർ ഒഴികഴിവുകൾ പറയും. ഈ അധോലോക പണമിടപാടിലെ തർക്കം ഭീഷണിയിലും കയ്യേറ്റത്തിലും ചിലപ്പോൾ കൊലപാതകത്തിലും വരെ എത്തിയേക്കും. അത്തരം തട്ടിപ്പാണ് കമ്പക്കാനത്തെ കൃഷ്ണന്‍റെയും കുടുംബത്തിന്റേയും കൂട്ടക്കൊലപാതകത്തിന് പിന്നിൽ എന്ന പ്രാധമിക സൂചനകളാണ് അന്വേഷണസംഘത്തിൽ നിന്ന് കിട്ടുന്നത്.