പ്രേത സാന്നിധ്യമോ?: വെറും തട്ടിപ്പെന്ന് വിമര്‍ശകര്‍
ലണ്ടന്‍: പ്രേത സാന്നിധ്യമുണ്ടെന്ന പേരില്‍ കുപ്രസിദ്ധമാണ് മാഞ്ചസ്റ്ററിലുള്ള റോയല്‍ എക്‌സ്‌ചേഞ്ച് തിയേറ്റര്‍. പ്രേതബാധയുള്ള ഈ കെട്ടിടത്തില്‍ ടിവി ചാനലിന് വേണ്ടി ഷൂട്ടിനെത്തിയതായിരുന്നു ഗോസ്റ്റ് ഹണ്ടറും പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ സിയാന്‍ റെയ്‌നോള്‍ഡ്‌സും ഭാര്യ റെബേക്ക പാമറും. ഒരു ക്യാമറ ക്രൂവും. എല്ലാവരും ഒരുമിച്ചാണ് തിയേറ്റര്‍ കോംപ്ലക്‌സിലേക്ക് കയറിയത്. എന്നാല്‍ കെട്ടിടത്തില്‍ കയറിയ ഉടന്‍ തന്നെ പ്രേതം തന്‍റെ ഭാര്യയുടെ ശരീരത്തിലുണ്ടെന്ന് സിയാന്‍ തിരിച്ചറിഞ്ഞു.
അദൃശ്യശക്തികളുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഗോസ്റ്റ് ഹണ്ടേഴ്‌സ് ഉപയോഗിക്കുന്ന ഉപകരണമാണ് പ്രേതസാന്നിധ്യം ആദ്യം സൂചിപ്പിച്ചത്. അപ്പോഴാണ് റെബേക്ക ആ മുറിയിലേക്ക് കയറിവന്നത്. കയ്യിലൊരു പാവക്കുട്ടിയുമുണ്ടായിരുന്നു. അവിടെയുള്ള ബഞ്ചില്‍ അവളിരുന്നു. ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ഉപകരണത്തില്‍ നിന്ന് തൊട്ടുപിന്നാലെ മൂന്ന് വാക്കുകള്‍ കേട്ടു. ഡെപ്ലിക്കേറ്റ്, ഫിഫ്റ്റീന്‍, മമ്മി എന്നിവയായിരുന്നു ആ വാക്കുകള്‍.
അപ്പോഴാണ് സിയാന്‍ ഭാര്യയോട് നീയത് കേട്ടോ എന്ന് ചോദിച്ചത്. അവള്‍ പക്ഷേ അത് ശ്രദ്ധിച്ചതേയില്ല. എന്തോ ഗാഢമായ ആലോചനയിലായിരുന്നു റെബേക്ക. അസാധാരണത്വം തോന്നിയ സിയാന്‍ അവളുടെ അടുത്തേക്ക് ചെന്ന് പേര് വിളിച്ചു. അവള്‍ക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു. അവളെ സ്പര്‍ശിക്കാന്‍ സിയാന്‍ ശ്രമിച്ചതും പിറകോട്ട് മലര്‍ന്നടിച്ചു വീണതും ഒരുമിച്ചായിരുന്നു.
അതേ സമയം തന്നെ മമ്മീ എന്ന് വിളിച്ച് റെബേക്ക കൊച്ചുകുട്ടിയെപ്പോലെ കരയാനും തുടങ്ങി. ശാഠ്യം നിറഞ്ഞ കുട്ടിയെപ്പോലെയായിരുന്നു പിന്നെ അവളുടെ പെരുമാറ്റം. സിയാനെയും സുഹൃത്തിനെയും അവള്‍ ഭയക്കുന്നതുപോലെ പിന്നിലേക്ക് മാറി. പാവക്കുട്ടിയെ തന്നിലേക്ക് കൂടുതല്‍ അടുപ്പിച്ച് പിടിച്ചു. ഒടുവില്‍ സുഹൃത്തിന്റെ സഹായത്തോടെയാണ് ആ കുട്ടിപ്രേതത്തെ റെബേക്കയില്‍ നിന്ന് ഒഴിവാക്കിയത്.
റെബേക്ക ആ ഞെട്ടിക്കുന്ന അനുഭവത്തില്‍ നിന്ന് ഇനിയും മോചിതയായിട്ടില്ല. ആ കെട്ടിടത്തിലേക്ക് കയറിയപ്പോള്‍ മുതല്‍ തന്നെ ആരോ പിന്തുടരുന്നതായി അവള്‍ക്ക് തോന്നിയിരുന്നു. പിന്നെ ഏതോ കൊച്ചുകുട്ടി സംസാരിക്കുന്നത് അവള്‍ കേട്ടുതുടങ്ങിയെന്നും തന്നിലേക്ക് എന്തോ ഊര്‍ജം പ്രവഹിക്കുന്നതായി റെബേക്ക പറയുന്നു. പിന്നെ നടന്നതൊന്നും റെബേക്കക്ക് ഓര്‍മയില്ല.
അതേസമയം, വീഡിയോ യൂ ട്യൂബിലൂടെ വൈറലാകുമ്പോള്‍ ദമ്പതികള്‍ക്കെതിരെ വിമര്‍ശനങ്ങളും ശക്തമാണ്. ഇരുവരും കൂടി തങ്ങളുടെ പ്രശസ്തിക്കു വേണ്ടി കളിച്ച നാടകമാണിതെന്നും റെബേക്ക കാഴ്ച്ച വച്ചത് മികച്ച അഭിനയമായിരുന്നുവെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.