തമിഴകത്തെ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ പുളകമണിയിച്ച ഏഴ് പതിറ്റാണ്ട്
ജയലളിതയ്ക്ക് പിന്നാലെ കലൈഞ്ജരും യാത്രയാകുമ്പോൾ തമിഴ് രാഷ്ട്രീയത്തിലെ സംഭവ ബഹുലമാണ് ഒരു യുഗം അവസാനിക്കുകയാണ്
മുത്തുവേൽ കരുണാനിധി . കഴിഞ്ഞ ഏഴുപതിറ്റാണ്ടായി തമിഴ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന കലൈഞ്ജർ. ഭാഷ ഒരു രാഷ്ട്രീയ ആയുധം കൂടിയാണെന്ന് തെളിയിച്ച ലോകത്തെ ഏറ്റവും നല്ല ഉദാഹരമാണ് കരുണാനിധി.
പേരിൽ തന്നെ കരുണാനിധിയുടെ രാഷ്ട്രീയം തുടങ്ങുന്നു. 1924 ജൂൺ മൂന്നിന് തിരുവാരൂരിന് അടുത്തുള്ള തിരുക്കുവളൈയിൽ ജനിച്ച മുത്തുവേലരുടെയും അഞ്ജുകം അമ്മാളുടെയും മകന്റെ പേര് ദക്ഷിണാമൂർത്തി എന്നായിരുന്നു. ക്ഷേത്രങ്ങളിൽ നൃത്തവും സംഗീതവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന ഇശൈ വെള്ളാള സമുദായത്തിൽ പെട്ടവരായിരുന്നു മുത്തുവേലരും അഞ്ജുകം അമ്മാളും.
ശൈവ ബ്രാഹ്മണിക അടിമത്തത്തിൽ നിന്നാണ് മകന് ദക്ഷിണാമൂർത്തിയെന്ന് പേരിടാൻ തോന്നിയതെന്ന് അവർ ചിന്തിച്ചില്ല. പക്ഷെ അച്ഛന്റെ സംഗീതത്തിനും അമ്മയുടെ നൃത്തത്തിനും അപ്പുറം തമിഴ് ഭാഷയുടെയും ദ്രാവിഡ സ്വത്വത്തിന്റെയും ബോധത്തിൽ വളർന്ന മകന് ദക്ഷിണാമൂർത്തിയെന്ന സംസ്കൃത നാമം ബാധ്യതയായി. ഇന്ത്യയുടെ വടക്ക് നിന്ന് തെക്കിന് മേൽ കെട്ടിവയ്ക്കപ്പെട്ട ബ്രാഹ്മണിക മേധാവിത്തത്തോടുള്ള കലഹമായാണ് മുത്തുവേൽ കരുണാനിധിയെന്ന പേര് അദ്ദേഹം സ്വയം എടുത്തണിഞ്ഞത്.
പതിനാലാം വയസിൽ കേട്ട നീതികച്ചി നേതാവ് അഴഗിരി സ്വാമിയുടെ പ്രസംഗമാണ് കരുണാനിധിയെ ഏറെ സ്വാധിനിച്ചത് . അതിന്റെ ഫലമായി തമിഴ് മാനവർ മൺട്രം എന്ന പേരിൽ ദ്രാവിഡ യുവജന സംഘം രൂപമെടുത്തു. സാഹിത്യമായിരുന്നു പ്രധാന ആയുധം. മാനവർ നേസൻ എന്ന കൈയെയുത്ത് മാസികയിലൂടെയാണ് കരുണാനിധി തുടങ്ങിയത്. 1942ൽ മുരസൊലിയെന്ന പേരിൽ പത്രം തുടങ്ങി.
സിനിമയും നാടകവും കവിതയും കൂടെച്ചേർന്നപ്പോൾ പെരിയോർ ഇവിആറും അണ്ണാദുരൈയും ഒരുമിച്ച് നിന്നിരുന്ന ദ്രാവിഡ കഴകത്തിന്റെ യുവശബ്ദമാകാൻ കരുണാനിധിക്കായി. ഇവിആറിനോട് പിണങ്ങി അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കുമ്പോൾ സ്ഥാപക നേതാക്കളിൽ പ്രമുഖനായി ഒപ്പം നിന്നു. 1953 ൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കല്ലക്കുടി സമരനായകൻ ആയതോടെ തമിഴ് ജനതയുടെ ഹിറോയായി.
1957ൽ നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയിൽ നിന്ന് ജയിച്ച വിരലിൽ എണ്ണാവുന്ന നേതാക്കളിൽ ഒരാളായിരുന്നു കരുണാനിധി. 1962 ൽ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവായി. 1967ൽ ഡിഎംകെ അധികാരത്തിലെത്തിയപ്പോൾ അണ്ണാദുരൈ പൊതുമരാമത്ത് വകുപ്പ് കരുണാനിധിക്ക് നൽകി. അണ്ണാദുരൈയുടെ മരണത്തോടെ ഡിഎംകെ നേതൃസ്ഥാനത്തേക്ക് കരുണാനിധിയെത്തി. 69ൽ ആദ്യമായി മുഖ്യമന്ത്രിയുമായി. 71 മുതൽ 74 വരെ രണ്ടാമതൊരു അവസരവും ജനങ്ങൾ നൽകി.
പക്ഷെ സിനിമയിൽ തുടങ്ങി രാഷ്ട്രീയത്തിലും കൂടെ നിന്ന എംജിആർ എഐഎഡിഎംകെ തുടങ്ങിയതോടെ അധികാരത്തിൽ നിന്ന് കരുണാനിധിക്ക് പുറത്ത് പോകേണ്ടിവന്നു. പിന്നെ എംജിആറിന്റെ മരണം വരെ അധികാരത്തിലേക്ക് എത്തിനോക്കാൻ കലൈഞ്ജർക്ക് ആയില്ല.
എംജിആറിന്റെ മരണശേഷം ജാനകി രാമചന്ദ്രൻ , ജയലളിത പക്ഷങ്ങളായി എഐഎഡിഎംകെ പിരിഞ്ഞപ്പോൾ 1989 ൽ വീണ്ടും അധികാരം കിട്ടി. പിന്നെയുള്ള ചരിത്രം ജയലളിതയും കരുണാനിധിയും തമ്മിലുള്ള യുദ്ധത്തിന്റേതാണ്. ജയലളിതയെ അഴിമതി കേസിൽ കരുണാനിധി ജയിലിലാക്കുന്നതും കരുണാനിധിയെ പൊലീസുകാർ അർദ്ധരാത്രി അറസ്റ്റ് ചെയ്യുന്നതും രാജ്യം കണ്ടു. 2006 ലാണ് അഞ്ചാം വട്ടം കരുണാനിധി മുഖ്യമന്ത്രിയായത്.
പിൻതുടർച്ച തർക്കത്തിലാണ് കരുണാനിധിക്കും അടിതെറ്റിയത്. മൂന്ന് ഭാര്യമാരിലായി ആറു മക്കൾ. ആദ്യഭാര്യയായ പത്മാവതിയിൽ ഉണ്ടായ മകൻ എം കെ മുത്തുവിനെ പിൻമുറക്കാരനാക്കി വളർത്താനുള്ള ശ്രമം ആദ്യമേ പാളി. രണ്ടാം ഭാര്യ ദയാലു അമ്മാളിൽ ജനിച്ച മകൻ അഴഗിരിയെ കേന്ദ്രമന്ത്രിയാക്കെയെങ്കിലും അഴിമതിയിൽപ്പെട്ട് പ്രതിച്ഛായ നഷ്ടമായി. അഴഗിരിയുടെ സഹോദരൻ സ്റ്റാലിനാണ് ഇപ്പോൾ കരുണാനിധിയുടെ പിൻഗാമി. മൂന്നാം ഭാര്യ രാജാത്തി അമ്മാളിലെ മകൾ കനിമൊഴി കലൈഞ്ജരുടെ കവിതാ വാസനയിലും പിൻമുറക്കാരിയാണ്.
സാഹിത്യമായിരുന്നു കലൈഞ്ജരുടെ ശക്തി .കവിതയിലും നാടകത്തിലും സിനിമയിലും അത് നല്ല പോലെ ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1952ൽ കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ പരാശക്തിയെന്ന സിനിമ ദ്രാവിഡ രാഷ്രീയത്തിന് വലിയ ഊർജ്ജമാണ് നൽകിയത്. ജയലളിതയ്ക്ക് പിന്നാലെ കലൈഞ്ജരും യാത്രയാകുമ്പോൾ തമിഴ് രാഷ്ട്രീയത്തിലെ സംഭവ ബഹുലമാണ് ഒരു യുഗം അവസാനിക്കുകയാണ്.