ശമ്പളക്കാർക്ക് എന്തുണ്ടാവും നാളെ? ബജറ്റ് പ്രതീക്ഷകള്‍ ഇങ്ങനെ, ആദായ നികുതിയിൽ എന്തൊക്കെ മാറ്റം വരും

അടിസ്ഥാന ഇളവിനുള്ള പരിധിയിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷയാണ് ഇതിൽ പ്രധാനം. ഒപ്പം നാഷണൽ പെന്‍ഷന്‍ സ്കീമിലെ നിക്ഷേപത്തിന്റെ കാര്യത്തിൽ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കിടയിൽ നിലനില്‍ക്കുന്ന അസമാനത ഇല്ലാതാക്കി പരിധി ഏകീകരിക്കാനുള്ള സാധ്യതയുമുണ്ട്. 

What is to expect for salaried class in the coming union and what will change in income tax afe

ദില്ലി: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കുമ്പോൾ വിവിധ മേഖലകൾ കാര്യമായ പ്രതീക്ഷയിലാണ്. തെര‍ഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം. ബിജെപിയുടെ വോട്ടുബാങ്കായ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ശമ്പളക്കാരുടെ പ്രധാന പ്രതീക്ഷകള്‍ ആദായ നികുതിയുടെ കാര്യത്തിലാണ്. വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെന്ന പൊതു വിലയിരുത്തലുകള്‍ ഉണ്ടെങ്കിലും ആദായ നികുതി ദായകര്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. അടിസ്ഥാന ഇളവിനുള്ള പരിധിയിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷയാണ് ഇതിൽ പ്രധാനം. ഒപ്പം നാഷണൽ പെന്‍ഷന്‍ സ്കീമിലെ നിക്ഷേപത്തിന്റെ കാര്യത്തിൽ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കിടയിൽ നിലനില്‍ക്കുന്ന അസമാനത ഇല്ലാതാക്കി പരിധി ഏകീകരിക്കാനുള്ള സാധ്യതയുമുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷൻ തുക വര്‍ദ്ധിപ്പിക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ.

2023ലെ ബജറ്റിൽ നിരവധി മാറ്റങ്ങൾ ആദായ നികുതി രംഗത്ത് കൊണ്ടുവന്നിരുന്നു. ഇത്തവണത്തെ ബജറ്റിൽ അടിസ്ഥാന ഇളവ് പരിധിയിൽ (Basix Exemption Limit)അര ലക്ഷം രൂപയുടെയെങ്കിലും വര്‍ദ്ധനവ് കൊണ്ടുവരുമെന്നാണ് സൂചന. പഴയ നികുതി ഘടനയിലും പുതിയ നികുതി ഘടനയിലും ഉള്‍പ്പെടുന്നവര്‍ക്ക് ഇത് ഒരുപോലെ ബാധകമാക്കിയേക്കും. അങ്ങനെയെങ്കില്‍ നിലവിൽ ആദായ നികുതി നൽകുന്നവര്‍ക്ക് നികുതി ബാധ്യതയിൽ കുറവ് വരികയും കൈയിൽ കിട്ടുന്ന പണം വർദ്ധിക്കുകയും ചെയ്യും. 

നാഷണൽ പെന്‍ഷന്‍ സ്കീമിൽ നിക്ഷേപിക്കാവുന്ന തുകയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 14 ശതമാനം എന്നും മറ്റ് ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ പത്ത് ശതമാനം എന്നുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ അസമാനത ഇല്ലാതാക്കി സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള പരിധി ഒരുപോലെ 14 ശതമാനമാക്കി ഉയര്‍ത്തിയേക്കും. അങ്ങനെയെങ്കിൽ സ്വകാര്യ മേഖലയിലെ ശമ്പളക്കാര്‍ക്ക് നികുതി ലാഭിക്കാന്‍ കുറച്ചുകൂടി അവസരം കൈവരും. 

നിലവിലെ ആദായ നികുതി ചട്ടങ്ങള്‍ പ്രകാരം നികുതിദായകര്‍ക്ക് അര ലക്ഷം രൂപയാണ് സ്റ്റാൻഡേര്‍ഡ് ഡിഡക്ഷനായി ഇളവ് അനുവദിക്കുന്നത്. ഇത് പഴയ നികുതി ഘടനയിലും പുതിയ നികുതി ഘടനയിലും ഒരുപോലെ നിലവിൽ ലഭ്യമായിട്ടുണ്ട്. ജീവിത ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തിൽ ശമ്പളക്കാരുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷൻ അര ലക്ഷം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്താനുള്ള നടപടികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്. 

ഇതിന് പുറമെ മെട്രോ സിറ്റികളിൽ താമസിക്കുന്നവര്‍ക്ക് ഭവന വായ്പാ അലവന്‍സ് ഇനത്തിൽ അനുവദിക്കുന്ന ഇളവ് ബംഗളുരു, പൂനെ, ഹൈദരാബാദ് നഗരങ്ങള്‍ക്ക് കൂടി ലഭ്യമാക്കാനുള്ള സാധ്യതയുമുണ്ട്. നിലവിൽ ഡൽഹി, മുബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ താമസിക്കുന്നവരെയാണ് മെട്രോ നഗരങ്ങള്‍ക്കുള്ള ഇളവിനായി പരിഗണിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios