ബോസിനെക്കാൾ സമ്പന്നനായ ജീവനക്കാരൻ; സുന്ദർ പിച്ചൈയെ കടത്തിവെട്ടിയ മലയാളി
ലോകത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ വംശജരായ സി.ഇ.ഒമാരില്‍ രണ്ടാമൻ. സുന്ദർ പിച്ചൈയെക്കാൾ സമ്പന്നനായ ഗൂഗിളിലെ ജീവനക്കാരൻ
ആൽഫബെറ്റിന്റെയും അതിന്റെ അനുബന്ധ സ്ഥാപനമായ ഗൂഗിളിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈയ്ക്ക് വലിയൊരു ആമുഖത്തിന്റെ ആവശ്യമില്ല. ആഗോള കമ്പനികളിൽ മുൻനിരയിലുള്ള, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന, ഇന്ത്യൻ വംശജരായ സിഇഒമാരെക്കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം സുന്ദർ പിച്ചൈയുടെ പേര് മുന്നിട്ട് നിൽക്കും. എന്നാൽ ഗൂഗിളിലെ ഒരു ജീവനക്കാരൻ അതും ഐഐടിയിൽ നിന്നും ഡ്രോപ്പ്ഔട്ട് ചെയ്ത ജീവനക്കാരൻ സുന്ദർ പിച്ചൈയെക്കാൾ സമ്പന്നനാണ്. എങ്ങനെയെന്നല്ലേ.. കണക്കുകൾ ഇങ്ങനെ..
2022 ൽ സുന്ദർ പിച്ചൈയുടെ പ്രതിഫലം 226 ദശലക്ഷം ഡോളറായിരുന്നു, ആ വർഷത്തെ അദ്ദേഹത്തിന്റെ ആസ്തി 10215 കോടി രൂപയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഗൂഗിൾ ക്ലൗഡിന്റെ സിഇഒ തോമസ് കുര്യന്റെ ആസ്തി 15000 കോടി രൂപയിലധികം വരും. 2015 മുതൽ നെറ്റ്ആപ്പിന്റെ സിഇഒ ആയിരുന്ന ജോർജ് കുര്യന്റെ ഇരട്ട സഹോദരനാണ് തോമസ് കുര്യൻ. 1966ല്‍ കേരളത്തിൽ കോട്ടയത്ത് ജനിച്ച ഇരുവരുടെയും സ്‌കൂള്‍ ജീവിതം ബംഗളൂരുവിലായിരുന്നു. ബംഗളൂരു സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലെ പഠനശേഷം ഇരുവരും മദ്രാസ് ഐ.ഐ.ടിയില്‍ ചേര്‍ന്നെങ്കിലും പാതിവഴിക്ക് ഉപേക്ഷിച്ചു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അത്. പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ എക്സിക്യൂട്ടീവുമാരിൽ ഒരാളായി തോമസ് കുര്യൻ. 2018ൽ ഗൂഗിൾ ക്ലൗഡിന്റെ സിഇഒ ആയി
ഗൂഗിൾ ക്ലൗഡ് പുനരുജ്ജീവിപ്പിച്ചതിന്റെ ബഹുമതി തോമസ് കുര്യനാണ്. അദ്ദേഹം കമ്പനിയുടെ തന്ത്രം മാറ്റി ഉപഭോക്തൃ സേവനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടെ ഗൂഗിളിന്റെ ഉയർന്ന പ്രതിഫലം പറ്റുന്ന ജീവനക്കാരനായി തോമസ് കുര്യൻ. മാത്രമല്ല, ലോകത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ വംശജരായ സി.ഇ.ഒമാരില്‍ രണ്ടാമനുമാണ് ഈ മലയാളി