റെഡ് വൈൻ കെട്ടിക്കിടക്കുന്നു, കുടിക്കാൻ ആളില്ല; പ്രതിസന്ധിയിൽ മുന്തിരി കർഷകർ
കൂടുതൽ ആളുകൾ ചുവപ്പിന് പകരം കുറഞ്ഞ ആൽക്കഹോൾ ഉള്ള, റോസ് അല്ലെങ്കിൽ വൈറ്റ് വൈനുകൾ കുടിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
വീഞ്ഞൊഴുകുന്ന നാടെന്നൊക്കെ കേട്ടിട്ടില്ലേ... അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്റെ അവസ്ഥ അതാണ്. ചൂവന്ന വൈന്‍ ഇഷ്ടം പോലെ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആരും വാങ്ങാനില്ലാത്ത അവസ്ഥ. വൈന്‍ ഉല്‍പാദനത്തിനുള്ള മുന്തിരി തോട്ടങ്ങള്‍ വിളവെടുക്കാതെ നശിക്കുന്ന അവസ്ഥയാണ് പല രാജ്യങ്ങളിലും. വിളവെടുക്കാനുള്ള ചെലവ് വളരെ കൂടുതലായതും വൈന്‍ വിറ്റുപോകാത്ത അവസ്ഥ ആയതും കാരണം വിളവെടുക്കാതിരിക്കുന്നതാണ് ലാഭം എന്നുള്ളതുകൊണ്ടാണിത്.
വൈനിന്റെ ആഗോള ഉൽപ്പാദനം 2023-ൽ 60 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ചുവന്ന വൈനിനുള്ള ഡിമാൻഡ് കൂടുതൽ വേഗത്തിൽ കുറയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന മദ്യപാന രീതികളും മോശം സാമ്പത്തിക സാഹചര്യങ്ങളും ആണ് വൈനിന് തിരിച്ചടിയാകുന്നത്. യുഎസിലെ കാലിഫോർണിയയിൽ 30 വർഷത്തിനിടെയുള്ള ഏറ്റവും മോശം ഡിമാൻഡാണ് ഇപ്പോഴുള്ളത്. 2022-23 സീസണിൽ ഓസ്‌ട്രേലിയ 15 വർഷത്തിനിടയിലെ ഏറ്റവും ചെറിയ അളവിൽ ആണ് വൈൻ ഉത്പാദിപ്പിച്ചത്. എന്നിട്ടു പോലും വൈനിന്റെ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ് .യൂറോപ്യൻ യൂണിയനിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും വൈൻ ഉൽപ്പാദനം കുറഞ്ഞു, ഇത് ലോകത്ത് മൊത്തം ഉൽപ്പാദിപ്പിക്കുന്നതിന്റെ 60% ത്തിലധികമാണ്. സ്പെയിനിൽ 14 ശതമാനവും ഇറ്റലിയിൽ 12 ശതമാനവും വിളവ് കുറഞ്ഞു.
കോവിഡ്, ഉക്രെയ്നിലെ യുദ്ധം എന്നിവ കാരണം ഇന്ധനം, വളം തുടങ്ങിയവയുടെ ചിലവ് വർദ്ധിച്ചു, കാലാവസ്ഥാ വ്യതിയാനം കാരണം ഇൻഷുറൻസ് പ്രീമിയവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം വൈനിന് തിരിച്ചടിയാണെന്ന് ആൽക്കഹോൾ പാനീയ ഗവേഷണ കമ്പനിയായ ഐഡബ്ല്യുഎസ്ആർ പറയുന്നു. കൂടുതൽ ആളുകൾ ചുവപ്പിന് പകരം കുറഞ്ഞ ആൽക്കഹോൾ ഉള്ള, റോസ് അല്ലെങ്കിൽ വൈറ്റ് വൈനുകൾ കുടിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ചില കർഷകർ മുന്തിരിവള്ളികൾക്ക് പകരം ബദാം അല്ലെങ്കിൽ തണ്ണിമത്തൻ പോലുള്ള വിളകൾ കൃഷി ചെയ്യുന്നത് തുടങ്ങിക്കഴിഞ്ഞു.