മൂന്ന് ഇന്ത്യൻ ന​ഗരങ്ങൾ ഷോറൂം, ആദ്യം എത്തുക മോഡൽ 3 സെഡാൻ: ടെസ്‍ലയുടെ ഇന്ത്യൻ പദ്ധതികൾ

2021 ൽ കമ്പനി ഇന്ത്യയിൽ പ്രവേശിക്കുമെന്ന് ടെസ്‍ല സിഇഒ എലോൺ മസ്ക് ട്വിറ്ററിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tesla Inc plan in India

മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ ഷോറൂമുകൾ തുറക്കുന്നതിനായി ടെസ്‍ല പരിശോധനകൾ തുടങ്ങിയതായി റിപ്പോർട്ട്. രാജ്യത്തേക്ക് ആസൂത്രിതമായി പ്രവേശിക്കുന്നതിന് മുന്നോടിയായി ലോബിയിംഗ്, ബിസിനസ് നിർവഹണം എന്നിവയ്ക്ക് നേതൃത്വം നൽകാൻ ഉന്നത എക്സിക്യൂട്ടീവിനെ നിയമിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ജനുവരിയിൽ ടെസ്‍ല ഇതിന്റെ ഭാ​ഗമായി ഇന്ത്യയിൽ ഒരു പ്രാദേശിക യൂണിറ്റ് രജിസ്റ്റർ ചെയ്തു, ഈ കമ്പനിയിലൂടെ മോഡൽ 3 സെഡാൻ ഇറക്കുമതി ചെയ്ത് വിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2021 പകുതിയോടെ, വിപണിയിലെ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സജീവമാകാനാണ് കമ്പനിയുടെ ആലോചനകളെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.

തലസ്ഥാനമായ ദില്ലി, മുംബൈ, ടെക് സിറ്റിയായ ബെംഗളൂരു എന്നിവിടങ്ങളിൽ 20,000-30,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള അനുയോജ്യമായ കൊമേഴ്ഷ്യൽ സ്പേസുകൾ കണ്ടെത്താനുളള ശ്രമത്തിലാണ് ടെസ്‍ല. 

ഇന്ത്യയിലെ നിക്ഷേപ പ്രമോഷൻ സംവിധാനമായ ഇൻവെസ്റ്റ് ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് മനുജ് ഖുറാനയെ ടെസ്‍ല റിക്രൂട്ട് ചെയ്തു. രാജ്യത്തെ നയ-ബിസിനസ് വികസന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ആദ്യത്തെ പ്രധാന നിയമനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. 

2021 ൽ കമ്പനി ഇന്ത്യയിൽ പ്രവേശിക്കുമെന്ന് ടെസ്‍ല സിഇഒ എലോൺ മസ്ക് ട്വിറ്ററിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഷോറൂം സ്ഥലത്തിനായുള്ള തിരയലും ഖുറാനയുടെ അപ്പോയിന്റ്മെന്റും ടെസ്‍ല അവരുടെ പദ്ധതികളുമായി വേ​ഗത്തിൽ മുന്നോട്ട് പോകുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ കണക്കാക്കുന്നത്.  

ഗ്ലോബൽ പ്രോപ്പർട്ടി കൺസൾട്ടന്റ് സിബിആർഇ ഗ്രൂപ്പ് ടെസ്‍ലയുടെ ഷോറൂം തിരയലുകൾക്കായി നിയമിക്കപ്പെട്ടിരുന്നു. ആഴ്ചകളായി ഇവർ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. സമ്പന്നരായ ഉപഭോക്താക്കളെ കമ്പനിയിലേക്ക് എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുന്ന ഇടങ്ങളാണ് കമ്പനി അന്വേഷിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios