സുധ മൂർത്തിയുടെ ആസ്തി എത്ര? ഇൻഫോസിസിൽ സ്വന്തമാക്കിയ ഓഹരികളുടെ കണക്ക് ഇതാ
ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയുടെ ആസ്തി എത്ര?
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയെ. ആരാണ് സുധ മൂർത്തി? ഇവരുടെ ആസ്തി എത്ര? സാമൂഹിക പ്രവർത്തകയും മൂർത്തി ട്രസ്റ്റിൻന്റെ ചെയർപേഴ്‌സണും ആണ് സുധാമൂർത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.
ഇൻഫോസിസ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (ബിഎസ്ഇ) നൽകിയ വിവരമനുസരിച്ച്, കമ്പനിയുടെ ഏകദേശം 3.45 കോടി ഓഹരികൾ സുധാ മൂർത്തിയുടെ കൈവശമുണ്ട്. മാർച്ച് 7 ന് 1,616.95 രൂപയ്ക്ക് ഇൻഫോസിസ് ബിഎസ്ഇയിൽ ക്ലോസ് ചെയ്തു. ഇത് പ്രകാരം സുധാ മൂർത്തിയുടെ കൈവശമുള്ള ഓഹരികളുടെ മൊത്തം മൂല്യം 5,586.66 കോടി രൂപയാണ്. വനിതാ ദിനത്തിലാണ് സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. ഭർത്താവ് നാരായണ മൂർത്തിയുടെ കൈവശം 1.66 കോടി ഇൻഫോസിസ് ഓഹരികളുണ്ട്. 2691 കോടി രൂപയാണ് ഇവയുടെ വിപണി മൂല്യം.
പൂനെയിൽ ടെൽകോയിൽ ജോലി ചെയ്യുമ്പോഴാണ് നാരായണമൂർത്തിയെ സുധാ മൂർത്തി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി. ഇവരുടെ മകൾ അക്ഷത മൂർത്തിയെ വിവാഹം കഴിച്ചത് ഇംഗ്ലണ്ട് പ്രധാനമന്ത്രി ഋഷി സുനക്കാണ്. ഇവരുടെ മകൻ രോഹൻ നാരായൺ മൂർത്തി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ സോറോക്കോയുടെ സ്ഥാപകനും സിടിഒയുമാണ്. 2006-ൽ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീയും ഈ വർഷം ജനുവരിയിൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും സുധാ മൂർത്തിക്ക് ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയാണ് ഇൻഫോസിസ്. മാത്രമല്ല, വിപണി മൂലധനത്തിൽ രാജ്യത്തെ ഏഴാമത്തെ വലിയ കമ്പനിയാണിത്. വിപണി മൂലധനം 6,71,121 ലക്ഷം കോടി രൂപയാണ്. ഇതിൻ്റെ മൂല്യം രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയേക്കാൾ കൂടുതലാണ്