555 ദിവസത്തെ നിക്ഷേപത്തിന് ഉയർന്ന പലിശ; ഈ സ്പെഷ്യൽ എഫ്ഡി സ്കീമിൽ അംഗമാകാനുള്ള അവസരം നാളെ അവസാനിക്കും
8 ശതമാനം വരെ പലിശ നിരക്കുള്ള ഈ പൊതുമേഖലാ ബാങ്കിന്റെ സ്പെഷ്യൽ എഫ്ഡി സ്‌കീം ഉടൻ അവസാനിക്കും
ഉയർന്ന പലിശനിരക്കാണ് നിക്ഷേപ പദ്ധതികളെ ആകർഷകമാക്കുന്നത്. ലാഭം ലക്ഷ്യമിട്ടുകൊണ്ടാണ് ഉപഭോക്താക്കൾ നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത് എന്നതിനാൽ ആകർഷകമായ പലിശയിൽ, പുതിയ നിക്ഷേപ പദ്ധതികൾക്ക് വിവിധ ബാങ്കുകൾ തുടക്കമിടാറുണ്ട്. പൊതുമഖലാ ബാങ്കായ പഞ്ചാബ് & സിൻഡ് ബാങ്കിന്റെ 555 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപമായ പിഎസ്ബി എഫ്ഡി - 555 ഡേയ്സ് സ്കീമിൽ അംഗമാകുന്നിനുളള സമയപരിധി 2023 ജൂൺ 30-ന് അവസാനിക്കും .
പിഎസ്ബി എഫ്ഡി -555 ഡേയ്സ്
എൻആർഐ ഉപഭോക്താക്കൾ ഉൾപ്പെടെ, ഏതൊരു ഇന്ത്യൻ പൗരനും പിഎസ്ബി എഫ്ഡി -555 ഡേയ്സ് സ്ഥിരനിക്ഷേപ സ്കീമിൽ അംഗമാകാം. 555 ദിവസമാണ് എഫ്ഡി കാലാവധി.
പലിശ നിരക്ക്
സൂപ്പർ സീനിയർ സിറ്റിസൺസിന് 8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.85ശതമാനവുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശ നിരക്ക്. 555 ദിവസത്തെ കാലാവധിയിൽ സാധാരണ പൗരന് 7.35 ശതമാനം പലിശയാണ് ബാങ്ക് നൽകുക
വിവിധ എഫ്‍ഡി നിരക്കുകൾ
2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരൻമാർക്ക് 2.80 ശതമാനം മുതൽ 7.10 ശതമാനം വരെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പഞ്ചാബ് & സിന്ദ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 601 ദിവസ നിക്ഷേപത്തിന് 7 ശതമാനവും,, 400 ദിവസത്തെ എഫ്ഡിയ്ക്ക്, 7.10% എന്നിങ്ങനെയുള്ള ഉയർന്ന പലിശ നിരക്കുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
മുതിർന്ന പൗരന്മാർക്കുള്ള പലിശനിരക്ക്
മുതിർന്ന പൗരന്മാർക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 0.50% അധിക പലിശ വാഗ്ദാനം ചെയ്യുന്നു. സൂപ്പർ സീനിയർ സിറ്റിസൺസിന് (80 വയസും അതിനുമുകളിലും) നിശ്ചിത കാലയളവിലുള്ള (അതായത് 400 ദിവസം, 555 ദിവസം & 601 ദിവസം) ടേം ഡെപ്പോസിറ്റുകൾക്ക് 0.15 ശതമാനവും അധിക പലിശയുടെ ആനുകൂല്യവും നൽകും.